ചാലക്കുടി: പ്രദീപ് - ശ്രീകല ദമ്പതികളുടെ മക്കൾക്ക്് ആകാശ ദൂതിലെ ജീവിതാനുഭവം വിധിക്കില്ലെന്ന നാട്ടുകാരുടെ ദൃഢനിശ്ചയം സഫലമാകുന്നു. നാട്ടുകാരുടെ ഒത്തൊരുമയിൽ ഒരുങ്ങിയ മനോഹരമായ വീട്ടിൽ റിപ്പബ്ലിക് ദിനത്തിൽ ദീപം തെളിയും. സിത്താര നഗറിൽ എലിപ്പനി ബാധിച്ച് കഴിഞ്ഞ സെപ്തംബറിൽ പ്രദീപ് മരിച്ചപ്പോൾ നിരാലംബരായത് അവരുടെ മൂന്നുമക്കൾ. അഭിരാമി, ഗൗരി, ശ്രീഹരി എന്നിവർക്കു പിന്നീടുള്ള തുണ ഒരു അമ്മൂമ്മ മാത്രം.


പ്രദീപിന്റെ ഭാര്യ ശ്രീകല വർഷങ്ങൾക്കു മുമ്പേ മരണത്തിന് കീഴടങ്ങിയതു മുതൽ ട്രാംവെ പുറമ്പോക്കിലെ ഒതു തുണ്ടുഭൂമിയിൽ പ്രദീപും മക്കളും കൂടുതൽ ദുരിതത്തിലാകുകയായിരുന്നു. കൂലിപ്പണി ചെയ്തു ജീവിതം മുന്നോട്ടുപോകുമ്പോഴായിരുന്നു പ്രദീപിനെ വിധി എലിപ്പനിയുടെ രൂപത്തിൽ വന്ന് തട്ടിയെടുത്തത്. പിന്നീട് മൂന്നു മക്കൾ പൊളിഞ്ഞു വീഴാറായ വീട്ടിൽ ഏകരാകുമെന്ന അവസ്ഥയിലായി. എന്നാൽ ഇവരുടെ ജീവിതം ആകാശദൂത് സിനിമയ്ക്ക് സമാനമാക്കാൻ നാട്ടുകാർ ഒരുമക്കമല്ലായിരുന്നു.

അന്നത്തെ വൈസ് ചെയർമാൻ വിൽസൺ പാണാട്ടുപറമ്പിൽ മുൻകൈയെടുത്ത്് രൂപീകരിച്ച പ്രദീപ് കുടുംബ സംരക്ഷണ സമിതിയുടെ ഭഗീരഥ പ്രയത്‌നമാണ് പിന്നീട് നാടുകണ്ടത്. നേരത്തെ പട്ടയം കിട്ടിയ ഒന്നര സെന്റ് ഭൂമിയിൽ കൊച്ചുവീട് ഒരുക്കുന്ന ദൗത്യം ഇപ്പോൾ പൂർത്തിയായിക്കഴിഞ്ഞു. ഏഴ് ലക്ഷത്തിൽ പരം രൂപ ഇതിനകം ചെലവായി. ആർദ്രമനസുകൾ ഗൃഹോപകരണങ്ങളും വാങ്ങിനൽകി.

വാർഡ് കൗൺസിലറായിരുന്ന മോളി പോൾസൺ, എം.എം. ഷക്കീർ, കെ.എം. പ്രിയൻ എന്നിവരായിരുന്നു സമിതിയുടെ പ്രവർത്തനത്തിന് ചുക്കാൻ പിടിച്ചത്. പുതുതായി നിർമ്മിച്ച മനോഹരമായ വീട്ടിൽ മുത്തമകൾ അഭിരാമിയുടെ വിവാഹം വരെ ശ്രീകലയുടെ സഹോദരി സൗമ്യ കൂട്ടിനുണ്ടാകും. വിവാഹം നടത്തുന്നതും സമിതിയുടെ ചുമതലയാകും. വീടിന്റെ പാലു കാച്ചൽ ചടങ്ങ് ബി.ഡി. ദേവസി എം.എൽ.എയും ക്രൈം ബ്രാഞ്ച് എസി.പി: കെ.എസ്. സുദർശനും ചേർന്ന് നിർവഹിക്കും. നഗരസഭാ ചെയർമാൻ വി.ഒ. പൈലപ്പനും സന്നിഹിതനാകും.