തൃശൂർ: പ്രവർത്തന ഫണ്ട് ഇല്ലാത്തതിനാൽ മെഡിക്കൽ കോളേജിലെ എച്ച്. ഡി. എസ് പ്രവർത്തനം അവതാളത്തിൽ. ഇന്ന് വൈകിട്ട് എച്ച്. ഡി. എസിന്റെ അടിയന്തിര യോഗം ചേരും. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വിനിയോഗിച്ച ഫണ്ട് സർക്കാർ എച്ച്. ഡി. എസിനു നൽകാത്തതാണ് പ്രതിസന്ധിക്ക് കാരണം. അഞ്ചു കോടി രൂപയാണ് എച്ച്.ഡി.എസ് ഫണ്ടിൽ നിന്നു ചിലവഴിച്ചത്. ഇതിൽ 60 ലക്ഷം രൂപ മാത്രമാണ് സർക്കാർ നൽകിയത്. പ്രതിസന്ധി മറികടക്കാൻ സ്ഥിരം നിക്ഷേപം എടുത്തു വിനിയോഗിക്കാനുള്ള നീക്കത്തിലാണ് സോസൈറ്റി. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. കളക്ടർ ചെയർമാനായ സമിതി ഇക്കാര്യത്തിൽ എന്ത് തീരുമാനം എടുക്കും എന്നതും നിർണായകമാണ്.
കൊവിഡ് വ്യാപിച്ചതോടെ മറ്റ് രോഗികളുടെ എണ്ണം കുറഞ്ഞതാണ് പ്രതിസന്ധി വർദ്ധിപ്പിച്ചത്. മെഡിക്കൽ കോളേജിലെ എച്ച്. ഡി. എസിന്റെ കിഴിലുള്ള പേ വാർഡുകൾ കൊവിഡ് വാർഡാക്കി മാറ്റിയതോടെ വരുമാനം നിലച്ചു. കൂടാതെ പാർക്കിംഗ് ഫീസിൽ നിന്നുള്ള വരവും കുറഞ്ഞു. നിലവിലെ സാഹചര്യത്തിൽ പാർക്കിംഗ് ഫീസ് വർദ്ധിപ്പിക്കാൻ ഇന്ന് ചേരുന്ന യോഗം തീരുമാനം എടുത്തേക്കും. അതോടൊപ്പം കോമ്പൗണ്ടിനു പുറത്ത് വാഹനങ്ങൾക്ക് ഫീസ് ഏർപ്പെടുത്തുന്ന കാര്യവും ചർച്ച ചെയ്‌തേക്കും. എച്ച്.ഡി.എസിന്റെ കീഴിൽ 250 ലേറെ താൽക്കാലിക ജീവനക്കാരാണ് ഉള്ളത്. ഇവരുടെ വേതനം വർദ്ധിപ്പിക്കാൻ തീരുമാനം എടുത്തേക്കും. പ്രതിസന്ധി ഘട്ടത്തിൽ ശമ്പളം വർദ്ധിപ്പിക്കാൻ ഉദ്ദേശിക്കുന്നതിലും എതിർപ്പ് ഉയരുന്നുണ്ട്. കൗണ്ടർ സ്റ്റാഫ്, ക്ലിനിക് ജീവനക്കാർ, സെക്യൂരിറ്റി ജീവനക്കാർ തുടങ്ങിയവരാണ് എച്ച്. ഡി. എസിന്റെ കീഴിൽ ജോലി ചെയ്യുന്നത്. കൊവിഡ് പ്രവർത്തനങ്ങൾക്ക് സർക്കാർ സഹായം ലഭ്യമാക്കാത്തതിൽ പ്രതിഷേധം ഉയരുണ്ട്.