തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. 29ന് ചേരുന്ന സംസ്ഥാന സമിതിയിൽ തിരഞ്ഞെടുപ്പ് ഒരുക്കം ചർച്ച ചെയ്യും. സ്ഥാനാർത്ഥി നിർണയവും പരിഗണിക്കും. സിനിമാതാരങ്ങൾ ഉൾപ്പെടെ പരിഗണനയിലുണ്ട്.തിരഞ്ഞെടുപ്പിൽ മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് പാർട്ടിയാണ്. നിലവിൽ അക്കാര്യങ്ങൾ ചർച്ച ചെയ്തിട്ടില്ലെന്നും 140 സീറ്റുകളിലും എൻ.ഡി.എ മത്സരിക്കുമെന്നും മുരളീധരൻ പറഞ്ഞു.ഫെബ്രുവരി 3, 4 തീയതികളിൽ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ കേരളത്തിൽ പര്യടനം നടത്തും. അദ്ദേഹം നേതാക്കളുമായി തിരഞ്ഞെടുപ്പ് കാര്യങ്ങൾ ചർച്ച ചെയ്യും. ഇതിന് ശേഷമായിരിക്കും ബി.ജെ.പിയുടെ സ്ഥാനാർത്ഥികളെ തീരുമാനിക്കുക. നിയമസഭാ തിരഞ്ഞെടുപ്പ് ബി.ജെ.പിക്ക് പരീക്ഷണമല്ല. ഗൗരവത്തോടെ തന്നെ നേരിടുമെന്നും മുരളീധരൻ പറഞ്ഞു.