t

തൃശൂർ: ട്രെയിൻ യാത്രയ്ക്കിടെ മഴ നനഞ്ഞ് പനിബാധിച്ചതിന് 5000 രൂപ യാത്രക്കാരന് റെയിൽവേ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കോടതിയുടെ ഉത്തരവ്. ട്രെയിനിലെ ജനലിന്റെ ഷട്ടർ തകരാറിലായതിനാൽ മഴ വെള്ളം സീറ്റിലേക്കും ശരീരത്തേക്കും വീണതായും ഇത് റെയിൽവേയുടെ ഉത്തരവാദിത്വമില്ലായ്മ കാരണമാണെന്നും കാട്ടി പറപ്പൂർ പുത്തൂർ വീട്ടിൽ പി.ഒ സെബാസ്റ്റ്യൻ നൽകിയ പരാതിയിലാണ് തൃശൂർ ഉപഭോക്തൃ കോടതിയുടെ ഉത്തരവ്.

2013 ജൂൺ 29ന് തൃശൂർ മുതൽ തിരുവനന്തപുരം വരെ ജനശതാബ്ദിയിലെ റിസർവേഷൻ കമ്പാർട്ട്‌മെന്റിൽ രാവിലെ എട്ടരയ്ക്കായിരുന്നു യാത്ര. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു വിധി. കഴിഞ്ഞ വ്യാഴാഴ്ചയാണ് വിധി പകർപ്പ് ലഭിച്ചത്. സെന്റ് തോമസ് കോളേജിൽ സൂപ്രണ്ടായിരുന്ന സെബാസ്റ്റ്യൻ അനദ്ധ്യാപകരുടെ സംഘടനയായ കേരള പ്രൈവറ്റ് കോളേജ് മിനിസ്റ്റീരിയൽ സ്റ്റാഫ് ഫെഡറേഷന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു.

തുടർനടപടി സ്വീകരിക്കാനുള്ള ശ്രമത്തിലാണ് റെയിൽവേ. കോടതി ഉത്തരവ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേയ്ക്ക് അപേക്ഷ നൽകാനുള്ള ഒരുക്കത്തിലാണ് സെബാസ്റ്റ്യൻ. നഷ്ടപരിഹാരം ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.