തൃശൂർ: തെരുവുവിളക്കുകൾ കത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും റോഡുകളുടെ ശോചനീയാവസ്ഥയ്ക്കും കുടിവെള്ള പ്രശ്‌നങ്ങൾക്കും പരിഹാരമുണ്ടാക്കുമെന്നും മേയർ എം.കെ. വർഗീസ്. കോർപറേഷൻ ആദ്യ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മേയർ.
തെരുവുവിളക്കുകൾ കത്താത്തതിനെയും റോഡുകളുടെ ശോചനീയാവസ്ഥയും റോഡുകളുടെ സ്ഥിതിയുമൊക്കെ പ്രതിപക്ഷ നേതാവ് രാജൻ പല്ലനും കോൺഗ്രസിലെ ലാലി ജെയിംസും ജയപ്രകാശ് പൂവ്വത്തിങ്കലുമാണ് അവതരിപ്പിച്ചത്. കോർപറേഷന്റെ തെരുവുവിളിക്കുകൾ കത്തിക്കാനും ഓഫാക്കാനുമുള്ള പണി വരെ കൗൺസിലർമാർ എടുക്കേണ്ട ഗതികേടാണെന്നും ഇത് സാധ്യമല്ലെന്നും ജയപ്രകാശ് പൂവ്വത്തിങ്കൽ പറഞ്ഞു. എല്ലാവരുടെയും പരാതികൾ കേട്ട് ഒടുവിലാണ് മേയർ പരിഹരിക്കുമെന്ന് ഉറപ്പു നൽകിയത്. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കും. മിഷൻ ആശുപത്രിക്ക് മുന്നിലടക്കം നഗരത്തിലെ റോഡുകൾ കുഴിച്ച് പൈപ്പിടുന്ന പണികൾ കഴിഞ്ഞ് പത്തു ദിവസത്തിനുള്ളിൽ റോഡുകൾ ടാർ ചെയ്യാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മേയർ വ്യക്തമാക്കി.
നെടുപുഴ മേൽപാല നിർമാണത്തിന് സ്ഥലമേറ്റെടുക്കൽ സംബന്ധിച്ച വിഷയം ചർച്ചയ്‌ക്കെടുത്തപ്പോൾ പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ, മന്ത്രി സുനിൽകുമാറിനെതിരെ തിരിഞ്ഞപ്പോഴാണ് കൗൺസിലിൽ ചെറിയ തർക്കം ഉണ്ടായത്. മന്ത്രി സുനിൽകുമാർ പടിഞ്ഞാറേകോട്ടയിലും കിഴക്കേകോട്ടയിലുമൊക്കെ മേൽപാലം പണിയുമെന്ന് വാഗ്ദാനം നൽകിയെങ്കിലും ഒന്നും നടത്തിയില്ലെന്നായിരുന്നു രാജൻ പല്ലന്റെ വിമർശനം.
മന്ത്രി നടത്തിയ വികസനം എണ്ണിയെണ്ണി പറയാനുണ്ടെന്ന് പറഞ്ഞ് സി.പി.ഐ അംഗം സാറാമ്മ റോബ്‌സൺ രാജനെ എതിർത്തു. അജൻഡയിൽ നിന്ന് വിട്ട് മറ്റു രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്യുന്ന പ്രതിപക്ഷ നേതാവിന്റെ രീതി ശരിയല്ലെന്നായിരുന്നു സി.പി.എമ്മിലെ പി.കെ. ഷാജന്റെ മറുപടി. എല്ലാ ഫയലുകളുടെയും നീക്കം അറിയാൻ രജിസ്റ്റർ ഉണ്ടാക്കുമെന്ന് മേയർ വ്യക്തമാക്കിയിട്ടുണ്ട്.