തൃശൂർ: കാർഷിക സർവകലാശാല പുതുതായി വികസിപ്പിച്ചെടുത്ത 12 പുതിയ കാർഷിക ഇനങ്ങൾ കർഷകർക്ക് സമർപ്പിക്കുന്നു. ഇതിന്റെ ഉദ്ഘാടനം 25 ന് രാവിലെ 11 ന് വെള്ളാനിക്കര കെ.എ.യു സെൻട്രൽ ഓഡിറ്റോറിയത്തിൽ കൃഷി മന്ത്രി അഡ്വ. വി.എസ്. സുനിൽകുമാർ നിർവഹിക്കും. ഇതോടൊപ്പം പുതിയ ഗവേഷണ അക്കാഡമിക്ക് സൗകര്യങ്ങളുടെയും വിജ്ഞാന വ്യാപനത്തിനായി സർവകലാശാലയുടെ വിവിധ യൂണിറ്റുകളിൽ വികസിപ്പിച്ച ഡിജിറ്റൽ അപ്ലിക്കേഷനുകളുടെയും ഉദ്ഘാടനവും മന്ത്രി നിർവഹിക്കും.
ഗവ. ചീഫ് വിപ്പ് അഡ്വ. കെ. രാജൻ അദ്ധ്യക്ഷനാകും. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന വെറൈറ്റി റിലീസ് കമ്മിറ്റി അംഗീകരിച്ച നെല്ലിങ്ങളായ കെ.എ.യു മിഥില, മനുവർണ്ണ, പച്ചക്കറി ഇനങ്ങളായ കെ.ആർ.എച്ച് 1, കെ.എ.യു നിത്യ, ദീപിക, വൈക, സുരുചി, കശുമാവ് ഇനമായ കെ.എ.യു നിഹാര, തെങ്ങിനമായ കേരസുലഭ, കുരുമുളക് ഇനമായ പന്നിയൂർ 10, രാമച്ച ഇനമായ ഭൂമിക, ബജറ നാപ്പിയർ ഹൈബ്രിഡ് സുസ്ഥിര എന്നിവയാണ് പുറത്തിറക്കുന്ന ഇനങ്ങൾ. പുതിയ ഗവേഷണ സൗകര്യം ഉദ്ഘാടനം ചെയ്യപ്പെടുന്നതിൽ വെള്ളാനിക്കര കാർഷിക കോളേജിലെ സീഡ് ബാങ്ക്, ബയോ കൺട്രോൾ ലാബ്, കൂൺ വിത്തുൽപ്പാദന ലാബ് എന്നിവയും ഉൾപ്പെടുന്നു. കൂടാതെ അടിസ്ഥാന സൗകര്യ ഉദ്ഘാടനം ചെയ്യുന്നതിൽ വെള്ളാനിക്കര കോളേജ് ഒഫ് ക്ലൈമറ്റ് ചേഞ്ച് ആൻഡ് എൻവയോൺമെന്റ് സയൻസിലെ പുതിയ അക്കാഡമിക്ക് ബ്ലോക്കുകളും ഉൾപ്പെടുന്നു. നൂതനമായ ഔട്ട് റീച്ച് പ്രോഗ്രാമിൽ മണ്ണുത്തി എ.ഐ.ടി.സിയിലെ ഹോർട്ടികൾചർ ആൻഡ് ഡെമോൺസ്‌ട്രേഷൻ യൂണിറ്റ്, കാർബൺ ന്യൂട്രൽ കുന്നംകുളം പ്രോഗ്രാം കേരള ബേർഡ് അറ്റ്‌ലസ് എന്നിവ ഉൾപ്പെടുന്നു. സെന്റർ ഫോർ ഇ ലേണിംഗിന്റെ ജൈവ ജീവാണു വളങ്ങൾ എന്ന കോഴ്‌സും ഉദ്ഘാടനം ചെയ്യും.
എ.ടി.ഐ.സി മണ്ണുത്തി തയ്യാറാക്കിയ 101 മത് മൈക്രോ വീഡിയോ, കെ.എ.യു സർവീസ് പോർട്ടൽസ്, ഫാം എക്‌സ്‌ടെൻഷൻ മാനേജ്‌മെന്റ് മൊബൈൽ ആപ്പിന്റെ പുതിയ പതിപ്പ്, കെ.എ.യു എംപ്ലോയീസ്, പെൻഷനേഴ്‌സ് മൊബൈൽ ആപ്പുകൾ, ലൈവ് ആപ്പ് എന്നിവയും ഉദ്ഘാടന വേദിയിൽ പ്രകാശനം ചെയ്യും. വെള്ളാനിക്കര ആർ.കെ.വി. വൈ റഫ്താർ അഗ്രി ഇൻക്യൂബേഷൻ സെന്ററിലെ ഇൻക്യൂബെറ്റേഴ്‌സിനുള്ള ധന സഹായവിതരണവും നടക്കും.