തൃശൂർ: പുഴയ്ക്കൽ എം.എൽ.എ റോഡിൽ മതിയായ അനുമതിയില്ലാതെ ആരംഭിച്ച ടെന്നീസ് കോർട്ടിന്റെ നിർമാണം ജില്ലാ കളക്ടർ എസ്. ഷാനവാസ് ഇടപെട്ട് തടഞ്ഞു. ജില്ലാ ടെന്നീസ് അസോസിയേഷനാണ് കൃഷി ചെയ്യാതെ ഇട്ടിരുന്ന നെൽവയലിന്റെ അര ഏക്കറോളം സ്ഥലത്ത് ടെന്നീസ് കോർട്ട് നിർമാണം ആരംഭിച്ചത്. കെട്ടിടം പണിക്ക് ആവശ്യമായ അനുമതികളൊന്നും നേടിയിരുന്നില്ല. 2004ൽ അനുമതി നേടിയെന്ന് നിർമ്മാതാക്കൾ അവകാശപ്പെട്ടെങ്കിലും രേഖകൾ മതിയായതല്ലെന്ന് മനസിലാക്കിയാണ് കളക്ടർ ഇടപെട്ടത്. തഹസിൽദാർ, വില്ലേജ് ഓഫീസർ, കോർപറേഷൻ സെക്രട്ടറി തുടങ്ങിയവരെ കളക്ടർ സ്ഥലത്തേക്ക് വിളിച്ചു വരുത്തി. റവന്യൂ ഡിപ്പാർട്ട്‌മെന്റ്, കോർപറേഷൻ ഓഫീസുകൾ മുഖേനയാണ് പണി നിറുത്തിവെക്കാനുള്ള ഉത്തരവ് നൽകിയത്. നികത്തിയ സ്ഥലത്തെ മണ്ണ് അടിയന്തരമായി നീക്കം ചെയ്യാനും നിർദ്ദേശം നൽകിയിട്ടുണ്ട്. നെൽവയലിൽ അനധികൃതമായി നടത്തുന്ന എല്ലാ നിർമാണ പ്രവൃത്തികൾക്കും എതിരെ നെൽവയൽ തണ്ണീർതട സംരക്ഷണ നിയമപ്രകാരം നടപടി എടുക്കുമെന്ന് കളക്ടർ പറഞ്ഞു.