കൊടുങ്ങല്ലൂർ: കയ്പ്പമംഗലം നിയോജക മണ്ഡലത്തിലെ പരമ്പരാഗത കുടിൽ വ്യവസായമായ തഴപ്പായ നെയ്ത്ത് ആധുനികവത്കരിക്കാൻ നടപടികളുണ്ടാകുമെന്ന് തൊഴിൽമന്ത്രി ടി. പി രാമകൃഷ്ണർ വ്യക്തമാക്കി. തഴപ്പായ വ്യവസായം ആധുനികവത്കരിക്കണമെന്നും സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ചട്ടം 304 പ്രകാരം നിയമസഭയിൽ എം.എൽ.എ ഇ.ടി ടൈസൺ മാസ്റ്റർ സബ്മിഷൻ ഉന്നയിച്ചിരുന്നു.
ധനമന്ത്രി അവതരിപ്പിച്ച കഴിഞ്ഞ വാർഷിക ബഡ്ജറ്റിൽ മേഖലയ്ക്കായി 50 ലക്ഷം രൂപ നീക്കി വെച്ചിട്ടുണ്ട്. തഴപ്പായ ക്ഷേമനിധിയുടെ കളക്‌ഷൻ സെന്റർ മതിലകത്തേക്ക് കൊണ്ടുവന്നത് തൊഴിലാളികൾക്ക് ഏറെ ആശ്വാസമാണ്. എം.എൽ.എയുടെ പ്രാദേശിക വികസന നിധിയിൽ നിന്നും പായ നെയ്ത്ത് തൊഴിൽ കേന്ദ്രം സ്ഥാപിക്കുന്നതിന് 10.72 ലക്ഷം രൂപ നീക്കി വച്ചതായി എം.എൽ.എ അറിയിച്ചു.
ആയിരക്കണക്കിന് കുടുംബങ്ങളിലെ സ്ത്രീകളുടെ വരുമാന മാർഗ്ഗമായിരുന്നു പായനെയ്ത്ത്. തഴയുടെ ദൗർലഭ്യവും പായയുടെ വിലക്കുറവും എല്ലാം ഈ മേഖലയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇതിനെ പുനരുദ്ധരിക്കണമെങ്കിൽ കയർ മാതൃകയിൽ തഴപ്പായ നെയ്ത്ത് യന്ത്രവത്കരിക്കുകയും കൈതോല കൃഷി വ്യാപനത്തിന് സർക്കാർ സബ്‌സിഡി നൽകുകയും ചെയ്യണമെന്നായിരുന്നു സബ്മിഷനിലെ ആവശ്യം. കയർ മാതൃകയിൽ തഴപ്പായയുടെ വൈവിദ്ധ്യ ഉത്പന്നവത്കരണവും തോട് സംരക്ഷണത്തിനായി സർക്കാർ നീക്കിവയ്ക്കുന്ന തുകയുടെ ഒരു ഭാഗം കൈതോല കൃഷിക്ക് കൂടി ഉപയോഗിക്കണമെന്നും ആവശ്യമുന്നയിച്ചിരുന്നു.
401 പേർക്ക് കൊവിഡ്
തൃശൂർ: ജില്ലയിൽ 401 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 412 പേർ രോഗമുക്തരായി. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4955 ആണ്. തൃശൂർ സ്വദേശികളായ 116 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു.
സമ്പർക്കം വഴി 388 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ ആറ് ആരോഗ്യ പ്രവർത്തകർക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ മൂന്ന് പേർക്കും, രോഗ ഉറവിടം അറിയാത്ത നാല് പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരിൽ 60 വയസിന് മുകളിൽ 37 പുരുഷന്മാരും 36 സ്ത്രീകളും പത്ത് വയസിനു താഴെ ഏഴ് ആൺകുട്ടികളും ആറ് പെൺകുട്ടികളുമുണ്ട്. 555 പേർ പുതുതായി ചികിത്സയിൽ പ്രവേശിച്ചതിൽ 126 പേർ ആശുപത്രിയിലും 429 പേർ വീടുകളിലുമാണ്.
മൂന്ന് കേന്ദ്രങ്ങളിലായി വാക്സിൻ
സ്വീകരിച്ചത് 515 പേർ
തൃശൂർ: ശനിയാഴ്ച വാക്സിൻ വിതരണം നടന്നത് മൂന്ന് കേന്ദ്രങ്ങളിൽ. 515 പേർ കൊവിഡ് 19 വാക്സിൻ സ്വീകരിച്ചു. തൃശൂർ ഗവ. മെഡിക്കൽ കോളേജ് 143, അമല മെഡിക്കൽ കോളേജ് 206, തൃശൂർ ജനറൽ ആശുപത്രി, തൃശൂർ 166 എന്നിങ്ങനെയാണ് വാക്സിൻ സ്വീകരിച്ചവരുടെ വിവരങ്ങൾ. ഇതുവരെ 4,316 ആരോഗ്യ പ്രവർത്തകർ വാക്സിൻ സ്വീകരിച്ചു.