കൊടകര: അക്ഷരമുറ്റത്ത് അക്ഷരകാലങ്ങൾ കൊട്ടിക്കയറിയ കുട്ടിക്കൂട്ടത്തിന്റെ പഞ്ചാരിമേളം അരങ്ങേറ്റം മേളാസ്വാദകർക്ക് വേറിട്ട അനുഭവമായി. സമഗ്രശിക്ഷാ കേരളയും ബി.ആർ.സി കൊടകരയും ചേർന്നൊരുക്കിയ ടാലന്റ് ലാബിന് കീഴിലെ പഞ്ചാരിമേളത്തിൽ പരിശീലനം നേടിയ വിദ്യാർത്ഥികളുടെ അരങ്ങേറ്റമാണ് കൊടകര ഗവ.നാഷണൽ ബോയ്സ് ഹൈസ്‌കൂളിൽ നടന്നത്.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായിരുന്നു പരിശീലനം. പാഠ്യവിഷയങ്ങൾക്കൊപ്പം പാഠ്യേതര വിഷയങ്ങളും പരിശീലിപ്പിച്ച് വിദ്യാർത്ഥികളുടെ സർഗശേഷി പരിപോഷിപ്പിക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതിയാണ് ടാലന്റ് ലാബ്. പരിമിതമായ അദ്ധ്യയന ദിനങ്ങളാണ് കലാപരിശീലനത്തിന് ലഭിച്ചത്.
കൊടകര സ്‌കൂൾ തെരഞ്ഞെടുത്തത് പഞ്ചാരിമേളമാണ്. നവംബർ അവസാനവാരമാണ് പരിശീലനക്കളരിക്ക് ആരംഭം കുറിച്ചത്. മേളകലാകാരൻ കൊടകര ഉണ്ണിയുടെ ശിക്ഷണത്തിലായിരുന്നു പരിശീലനം.13 വിദ്യാർത്ഥികളാണ് പരിശീലനം പൂർത്തിയാക്കി അരങ്ങേറ്റം നടത്തിയത്. മുപ്പതോളം സഹമേളക്കാരുമുണ്ടായിരുന്നു. അരങ്ങേറ്റത്തോട് അനുബന്ധിച്ചു നടന്ന പൊതുസമ്മേളനം മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് അദ്ധ്യക്ഷത വഹിച്ചു. മേളപ്രമാണി കിഴക്കൂട്ട് അനിയൻമാരാർ മുഖ്യാതിഥിയായി. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രഞ്ജിത്ത്, ജില്ലാ പഞ്ചായത്തംഗം സരിത രാജേഷ് എന്നിവർ സമ്മാനദാനം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം ടെസി ഫ്രാൻസിസ്, കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമൻ, എസ്.എസ്.എ ജില്ലാ കോർഡിനേറ്റർ ബിന്ദു പരമേശ്വരൻ, എസ്.എസ്.കെ ബി.പി.ഒ കെ. നന്ദകുമാർ, പ്രധാനാദ്ധ്യാപിക പി.പി മേരി, പ്രോഗ്രാം കൺവീനർ ടി.കെ. ഷൈജു തുടങ്ങിയവർ പ്രസംഗിച്ചു.
ജനകീയ ബദൽ മുന്നോട്ട് കൊണ്ടുപോകാൻ
ഭരണത്തുടർച്ച അനിവാര്യം
ഇടതുപക്ഷ സർക്കാരിന് ജനകീയ വിദ്യാഭ്യാസ ബദൽ മുന്നോട്ട് കൊണ്ടുപോകുന്നതിന് ഭരണത്തുടർച്ച അനിവാര്യമാണെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു. ആധുനിക വിദ്യാഭ്യാസ സൗകര്യം പൊതുവിദ്യാലയങ്ങളിൽ നൽകിയതു വഴി 6.79 ലക്ഷം കുട്ടികൾ പുതുതായി കടന്നുവന്നു. തൃശൂരിൽ കെ.എസ്.ടി.എ. മുപ്പതാം തൃശൂർ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തിൽ ജില്ലാ പ്രസിഡന്റ് സാജൻ ഇഗ്നേഷ്യസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ബദറുന്നീസ, സംസ്ഥാന ട്രഷറർ ടി.വി. മദനമോഹനൻ എന്നിവർ പ്രസംഗിച്ചു.