tramway
ചാലക്കുടിയിൽ സ്ഥാപിതമാക്കുന്ന ട്രാംവേ ചരിത്ര മ്യൂസിയം ശിലാസ്ഥാപന കർമ്മം ബി.ഡി. ദേവസി എം.എൽ.എ നിർവഹിക്കുന്നു.

ചാലക്കുടി: ചരിത്രാനുഭവം നൽകുന്ന വസ്തുക്കളും പ്രദേശങ്ങളും സംരക്ഷിക്കപ്പെടണമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. സംസ്ഥാന പുരാവസ്തു വകുപ്പിന്റെ നേതൃത്വത്തിൽ നിർമിക്കുന്ന ചാലക്കുടി ട്രാംവേ മ്യൂസിയത്തിന്റെ ശിലാസ്ഥാപനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി.

ചരിത്ര സംഭവങ്ങൾ വരും തലമുറയ്ക്കായി എഴുതി സൂക്ഷിക്കണം. ചരിത്രത്തിലെ സംസ്‌കാരിക തിരുശേഷിപ്പുകളും സംരക്ഷിക്കപ്പെടണം. ഇത്തരം ലക്ഷ്യവുമായിട്ടാണ് നമ്മുടെ സർക്കാരും പുരാവസ്തു വകുപ്പും മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബി.ഡി. ദേവസ്സി എം.എൽ.എ അദ്ധ്യക്ഷനായി. നഗരസഭാ ചെയർമാൻ വി.ഒ. പൈലപ്പൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രഞ്ജിത്ത്, നഗരസഭാ കൗൺസിലർ ബിന്ദു ശശികുമാർ തുടങ്ങിയവർ പങ്കെടുത്തു. മുൻകാല ട്രാംവേ തൊഴിലാളി കെ.കെ. രാമകൃഷ്ണനെ ചടങ്ങിൽ ആദരിച്ചു.

പറമ്പിക്കുളം, ആളിയാർ മേഖലയിലെ വൻമരങ്ങളെ ഗുരുത്വാകർഷണ ഗതികോർജ്ജം വഴി ചാലക്കുടിയിലേക്ക് എത്തിക്കാൻ 1907ൽ ബ്രിട്ടീഷുകാർ സ്ഥാപിച്ചതാണ് ചാലക്കുടി ട്രാംവേ. ചാലക്കുടിയിൽ ട്രാംവേയുടെ വർക്ക്‌ ഷോപ്പ് പ്രവർത്തിച്ചിരുന്നതും ജലസേചന വകുപ്പിന്റെ അധീനതയിലുള്ളതുമായ കെട്ടിടം മ്യൂസിയം സജ്ജീകരിക്കുന്നതിനായി പുരാവസ്തു വകുപ്പിന് കൈമാറിയ സ്ഥലത്താണ് ട്രാംവേ മ്യൂസിയം സജ്ജീകരിക്കുന്നത്.