തൃശൂർ: സ്ഥിരം യാത്രക്കാരുടെ നിരന്തര ആവശ്യം പരിഗണിച്ച് പാസഞ്ചർ, മെമു സർവീസുകൾ പുനരാരംഭിക്കാൻ കേരളം കത്തയച്ച സാഹചര്യത്തിൽ ഉടൻ ഓടിത്തുടങ്ങിയേക്കും. കെ.എസ്.ആർ.ടി.സി. ബസുകളിൽ അടക്കം യാത്രക്കാർ തിങ്ങിനിറഞ്ഞ് പോകുന്നതിനാൽ കൂടുതൽ സുരക്ഷിതത്വവും കുറഞ്ഞ നിരക്കുമുളള പാസഞ്ചറുകളും മെമുവും ഓടിത്തുടങ്ങാത്തതിൽ വൻപ്രതിഷേധം ഉയർന്നിരുന്നു. റിസർവേഷൻ ടിക്കറ്റ് എടുപ്പിച്ച് കൊവിഡ് കാലത്തെ നഷ്ടം നികത്താനുളള ശ്രമമാണ് റെയിൽവേ നടത്തുന്നതെന്ന ആരോപണങ്ങളുമുണ്ടായി.
പാസഞ്ചറുകൾ ഇല്ലാത്തതിനാൽ, അയൽജില്ലകളിലേക്ക് ജോലിയ്ക്ക് പോകുന്നവർക്ക് പത്തിരട്ടിയിലേറെ യാത്രാച്ചെലവുണ്ട്. കൃത്യസമയത്ത് ബസ് കിട്ടാതെയും മറ്റുമുള്ള യാത്രാസംബന്ധമായ കഷ്ടപ്പാടുകൾ വേറെയും. കേരളം ആവശ്യപ്പെടാത്തതു കൊണ്ടാണ് പാസഞ്ചർ, മെമു സർവീസുകൾ പുനരാരംഭിക്കാത്തതെന്ന ന്യായമാണ് ഇതേവരെ റെയിൽവേ പറഞ്ഞിരുന്നത്. സംസ്ഥാനത്തിന്റെ കത്ത് റെയിൽവേ ബോർഡിലേക്ക് പോയിട്ടുണ്ട്. അതുകൊണ്ടുതന്നെ റെയിൽവേ മന്ത്രാലയത്തിൽ നിന്നു തന്നെ തീരുമാനം വരേണ്ടതുണ്ട്. സാമൂഹിക അകലം പാലിച്ച് മെമു ട്രെയിനുകൾ അടക്കം ഓടിക്കാൻ സൗകര്യമുണ്ട്. എന്നിട്ടും ഓടാതിരിക്കുന്നത് എന്തുകൊണ്ടാണെന്നാണ് യാത്രക്കാർ ചോദിക്കുന്നത്.
ജനുവരി 9നാണ് ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ ജ്യോതിലാൽ കത്തയച്ചത്. അൺ റിസർവ്ഡ് ട്രെയിനുകൾ ഓടിക്കാൻ നടപടി സ്വീകരിക്കണമെന്നായിരുന്നു പ്രധാന ആവശ്യം. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ദീർഘദൂര ട്രെയിനുകൾ തുടർന്നും റിസർവ്ഡ് ട്രെയിനുകളായി ഓടിക്കണമെന്നും അഭ്യർത്ഥിച്ചിരുന്നു.
വെർച്വൽ റിമോട്ട് കൂടുതൽ സ്റ്റേഷനുകളിലേക്ക്
ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് റിസർവേഷൻ ലഭിക്കുന്ന 'വെർച്വൽ റിമോട്ട്' ലൊക്കേഷൻ സൗകര്യം ജില്ലയിലെ കൂടുതൽ സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിച്ചു. തൃശൂരിന് പുറമേ വടക്കാഞ്ചേരി, ഗുരുവായൂർ, പൂങ്കുന്നം, ഇരിങ്ങാലക്കുട, ചാലക്കുടി എന്നീ സ്റ്റേഷനുകളിലെ റിസർവേഷൻ കേന്ദ്രങ്ങളിൽ നിന്ന് ടിക്കറ്റ് എടുക്കാമെന്ന് ചീഫ് കോമേഴ്‌സ്യൽ ഇൻസ്‌പെക്ടർ പ്രസൂൺ എസ്. കുമാർ വ്യക്തമാക്കി. 'വെർച്വൽ റിമോട്ട്' ലൊക്കേഷൻ സൗകര്യം ഏർപ്പെടുത്തിയ സ്റ്റേഷനുകളിൽ ട്രെയിൻ എത്തുന്നതിന് അരമണിക്കൂർ മുമ്പുവരെ ഒഴിവുള്ള സീറ്റുകളിലേക്ക് ഐ.ആർ.സി.ടി.സി, റിസർവേഷൻ കൗണ്ടർ, മൊബൈൽ ആപ് തുടങ്ങി മുഴുവൻ സംവിധാനങ്ങളിലൂടെയും ടിക്കറ്റ് ബുക്ക് ചെയ്യാം.
സൗകര്യം ലഭിക്കുന്ന ട്രെയിനുകൾ
തൃശൂരിൽ നിന്ന് വടക്കോട്ട്
06188 എറണാകുളം കാരയ്ക്കൽ (00.12), 06604 തിരുവനന്തപുരം മംഗലാപുരം (00.47), 06629 തിരുവനന്തപുരം മംഗലാപുരം (01.37), 06349 കൊച്ചുവേളി നിലമ്പൂർ (2.37), 06347 തിരുവനന്തപുരം മംഗലാപുരം (02.52), 06606 നാഗർകോവിൽ മംഗലാപുരം (09.03), 02696 തിരുവനന്തപുരം ചെന്നൈ (22.57),
തെക്കോട്ട്
06603 മംഗലാപുരം തിരുവനന്തപുരം (00.07), 06630 മംഗലാപുരം തിരുവനന്തപുരം (02.12), 02623 ചെന്നൈ തിരുവനന്തപുരം (05.17), 06526 ബംഗളൂരു കന്യാകുമാരി (05.49), 02639 ചെന്നൈ ആലപ്പുഴ (06.52), 06605 മംഗലാപുരം നാഗർകോവിൽ (14.33), 06301 ഷൊർണൂർതിരുവനന്തപുരം (15.11), 06792 പാലക്കാട് തിരുനെൽവേലി (17.17), 06306 കണ്ണൂർ എറണാകുളം (18.48).
രാവിലെയും വൈകിട്ടും സ്ഥിരം യാത്രക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന മെമു, പാസഞ്ചർ ട്രെയിനുകൾ സർവീസ് ആദ്യം ആരംഭിക്കണം. പാസഞ്ചറുകൾ ഉടനെ ഓടിക്കണമെന്ന് യാത്രക്കാർ നിരന്തരമായി ആവശ്യപ്പെടുന്നുണ്ട്.
പി. കൃഷ്ണകുമാർ
ജനറൽ സെക്രട്ടറി
ശൂർ റെയിൽവേ പാസഞ്ചേഴ്‌സ് അസോസിയേഷൻ.