തൃശൂർ: പ്രവർത്തന ഫണ്ട് ഇല്ലാത്തതിനാൽ മെഡിക്കൽ കോളേജിലെ എച്ച്.ഡി.എസ് പ്രവർത്തനം അവതാളത്തിൽ. കഴിഞ്ഞ ദിവസം ചേർന്ന വികസന സമിതി യോഗത്തിൽ ജീവനക്കാരുടെ ശമ്പളം 25 ശതമാനം വർദ്ധിപ്പിക്കാൻ തീരുമാനിച്ചെങ്കിലും എന്ന് മുതൽ നൽകാനാകുമെന്ന് ഉറപ്പ് നൽകാനായിട്ടില്ല.
ഫണ്ട് വരുന്നതിനുസരിച്ച് ശമ്പളം വർദ്ധിപ്പിച്ച് നൽകാമെന്ന ഉറപ്പ് മാത്രമാണ് നൽകിയത്. എച്ച്.ഡി.എസിന്റെ കീഴിൽ 250 ലേറെ താത്കാലിക ജീവനക്കാരാണുള്ളത്. പ്രതിസന്ധി ഘട്ടത്തിൽ ശമ്പളം വർദ്ധിപ്പിക്കാൻ ഉദ്ദേശിക്കുന്നതിലും എതിർപ്പ് ഉയരുന്നുണ്ട്. കൗണ്ടർ സ്റ്റാഫ്, ക്ലിനിക് ജീവനക്കാർ, സെക്യൂരിറ്റി ജീവനക്കാർ തുടങ്ങിയവരാണ് എച്ച്.ഡി.എസിന്റെ കീഴിൽ ജോലി ചെയ്യുന്നത്.
കൊവിഡ് പ്രതിരോധത്തിന് വിനിയോഗിച്ചത് അഞ്ച് കോടി
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വിനിയോഗിച്ച ഫണ്ട് സർക്കാർ എച്ച്.ഡി.എസിന് നൽകാത്തതാണ് പ്രതിസന്ധിക്ക് കാരണം. അഞ്ചു കോടിയാണ് എച്ച്.ഡി.എസ് ഫണ്ടിൽ നിന്നും ചെലവഴിച്ചത്. ഇതിൽ 60 ലക്ഷം രൂപ മാത്രമാണ് സർക്കാർ നൽകിയത്. പ്രതിസന്ധി മറികടക്കാൻ സ്ഥിര നിക്ഷേപം എടുത്തു വിനിയോഗിക്കാനുള്ള തീരുമാനത്തിലാണ് സൊസൈറ്റി. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമുണ്ട്. കൊവിഡ് വ്യാപിച്ചതോടെ മറ്റ് രോഗികളുടെ എണ്ണം കുറഞ്ഞതാണ് പ്രതിസന്ധി വർദ്ധിപ്പിച്ചത്. മെഡിക്കൽ കോളേജിലെ എച്ച്.ഡി.എസിന്റെ കീഴിലുള്ള പേ വാർഡുകൾ കൊവിഡ് വാർഡാക്കി മാറ്റിയതോടെ ആ വരുമാനവും നിലച്ചു.
ഗൃഹസമ്പർക്കവുമായി സി. പി. എം
തൃശൂർ: ഗൃഹസന്ദര്‍ശനവുമായി സി.പി.എം സംസ്ഥാന നേതാക്കളടക്കമുള്ള പ്രവർത്തകർ വീടുകളിലെത്തി തുടങ്ങി. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും ജനകീയ ഇടപെടലുകള്‍ ജനങ്ങളോട് വിശദീകരിക്കുന്ന നേതാക്കള്‍ അവരുടെ അഭിപ്രായം സ്വീകരിക്കുകയാണ് പരിപാടിയിൽ ലക്ഷ്യമിടുന്നത്.
31 വരെയാണ് ഗൃഹ സന്ദര്‍ശന പരിപാടി. സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘവൻ തൃശൂരിൽ ഗൃഹസമ്പർക്ക പരിപാടിയിൽ പങ്കെടുത്തു. ജനങ്ങളുമായി പാർടി പ്രവർത്തകർ ആശയ വിനിമയം നടത്തുമെന്നും അവരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കേൾക്കുമെന്നും വിജയരാഘവൻ പറഞ്ഞു.
ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ സംസ്ഥാനത്ത് നടത്തിയ വികസന പരിപാടികൾ ജനങ്ങളെ അറിയിക്കുകയും തിരഞ്ഞെടുപ്പ് പ്രചരണം കൂടി സി.പി.എം ഗൃഹസന്ദർശനത്തിലൂടെ ലക്ഷ്യമിടുന്നു. ഇതിന് മുമ്പ് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പായി ശബരിമല വിവാദ സാഹചര്യത്തിലായിരുന്നു ഗൃഹസമ്പർക്ക പരിപാടി സംഘടിപ്പിച്ചത്. വീടുകളിൽ നിന്നും അതിരൂക്ഷ വിമർശനം അന്ന് നേരിട്ടിരുന്നു.
സര്‍ക്കാരിന്റെ നയങ്ങള്‍ ജനങ്ങളുമായി പങ്കുവയ്ക്കുകയും ബന്ധം സ്ഥാപിക്കുകയും ഗൃഹസന്ദര്‍ശനം സഹായിക്കുമെന്നും സി.പി.എം കണക്കാക്കുന്നു. കേരളത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പ് വിജയത്തിന് തുടര്‍ച്ചയുണ്ടാകും. തുടര്‍ഭരണം ഉറപ്പാക്കുന്നതിനുള്ള സജീവമായ സംഘടനാ പ്രവര്‍ത്തനത്തില്‍ അണിനിരക്കാനാണ് സി.പി.എമ്മും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും ആഹ്വാനം ചെയ്യുന്നത്. വീടുകളിൽ കയറുന്ന നേതാക്കളോട് പരാതികളും പരിഭവങ്ങളുമെല്ലാം അറിയിക്കുന്നുണ്ട്.
മന്ത്രി എ.സി മൊയ്തീന്റെ ഗൃഹ സന്ദർശനം
വടക്കാഞ്ചേരി: സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം മന്ത്രി എ.സി മൊയ്തീൻ പനങ്ങാട്ടുകരയിലെ വീടുകളിൽ ഗൃഹ സന്ദർശനം നടത്തി. സി.പി.എം തെക്കുംകര വെസ്റ്റ് സെക്രട്ടറി ടി. പരമേശ്വരൻ, തെക്കുംകര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ. ഉമാലക്ഷ്മി, എം.എസ് പുരുഷോത്തമൻ, എസ്. ഷെയ്ക്ക് അഹമ്മദ്, പി.ആർ അരവിന്ദാക്ഷൻ, പി. കണ്ണൻ, പി.ആർ ദേവകി, കെ.എസ് സാദിഖ് എന്നിവർ പങ്കെടുത്തു.
50 വർഷം മുമ്പുള്ള കേരളം കണ്ടുകൊണ്ട് വികസനം രൂപപ്പെടുത്താനാവില്ല. ഭാവി വികസനത്തിൽ മുൻ ധാരണകൾ മാറ്റണം. പാർടി ഓഫീസിന്റെയും ഭരണ നിർവഹണ സംവിധാനത്തിന്റെയും നാൽച്ചുവരുകൾക്കുള്ളിലിരുന്ന് ഇത് മനസിലാക്കാനാവില്ല. കൂടുതൽ ജനവിഭാഗങ്ങളുടെ അഭിപ്രായം കേൾക്കണം. അതിനാണ് ഗൃഹസന്ദർശനം. സി.പി.എം ജനങ്ങളുടെ പാർട്ടിയാണ്. അഴിമതി ആരോപങ്ങളേക്കാൾ ജനങ്ങൾ വികസനത്തിനാണ് പ്രാധാന്യം നൽകുന്നത്.
എ. വിജയരാഘവൻ
സി. പി. എം സംസ്ഥാന സെക്രട്ടറി