കയ്പമംഗലം: തീരദേശത്ത് അപൂർവമായി കൃഷി ചെയ്യുന്ന കാരറ്റ് ഗ്രോബാഗിൽ വിളയിച്ച് കയ്പമംഗലം ഹരിതഗ്രാമം കർഷക സംഘം.15 വർഷത്തോളമായി കൃഷി രംഗത്തുള്ള കറപ്പം വീട്ടിൽ അബ്ദുൾ നാസർ, ഏറാട്ടുപറമ്പിൽ മുഹമ്മദ് റാഫി, കറപ്പം വീട്ടിൽ അബ്ദുൾ ഹക്കിം എന്നിവരാണ് കാരറ്റ് കൃഷിയിൽ നേട്ടം കൊയ്തത്.
വിളകളിൽ വൈവിദ്ധ്യം കൊണ്ടുവരണമെന്ന ആഗ്രഹമാണ് ഇവരെ കാരറ്റിലേക്കെത്തിച്ചത്. മൂന്നാറിൽ നിന്ന് കൊണ്ടുവന്ന മുന്നൂറോളം തൈകളാണ് ഗ്രോബാഗിൽ കൃഷി ചെയ്തത്. എല്ലുപൊടിയും, ചാണകവും മണലിൽ കുഴച്ച് ഗ്രോബാഗിൽ നിറച്ച ശേഷമാണ് തൈകൾ നട്ടത്. തണുപ്പ് നിൽക്കാൻ വേണ്ടി കരിയിലയും ഗ്രോബാഗിൽ ഇട്ടിരുന്നു. ദിവസം രണ്ട് നേരം നനച്ച് പരിചരിച്ചു. മൂന്ന് മാസം കൊണ്ടാണ് പാകമായത്. ഇതിനോടൊപ്പം വിവിധയിനം പച്ചക്കറികളും ഇവർ കൃഷി ചെയ്തിട്ടുണ്ട്.
ശീതകാല വിളകളായ കാബേജ്, കോളിഫ്‌ളവർ കൂടാതെ തക്കാളി, കുമ്പളങ്ങ, പടവലം, മുളക്, കൊള്ളി, പപ്പായ എന്നിവയും മികച്ച വിളവാണ് നൽകിയത്. നേരത്തെ കപ്പലണ്ടി കൃഷി ചെയ്ത് ഇവർ ശ്രദ്ധ നേടിയിരുന്നു. കയ്പമംഗലം പഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ യു.വൈ ഷെമീർ, പഞ്ചായത്തംഗങ്ങളായ ഇസ്ഹാഖ് പുഴങ്കരയില്ലത്ത്, ഷെഫീഖ് സിനാൻ എന്നിവർ പങ്കെടുത്തു.