കല്ലൂർ: കല്ലൂർ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് നീട്ടിവയ്പിക്കാൻ ശ്രമം. പ്രതിഷേധവുമായി എൽ.ഡി.എഫ് രംഗത്ത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ രണ്ട് തവണ തിരഞ്ഞെടുപ്പ് മാറ്റിവച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനപ്രകാരം അടുത്ത 31ന് നടക്കാനിരിക്കെയാണ് തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് രംഗത്ത് എത്തിയത്.
വാക്‌സിനേഷൻ നടത്തിയതിന് ശേഷം മാത്രമേ തിരഞ്ഞെടുപ്പ് നടത്താൻ അനുമതി നൽകാൻ പാടുള്ളൂവെന്ന് ആവശ്യപ്പെട്ട് മത്സര രംഗത്തുള്ള കോൺഗ്രസ് സ്ഥാനാർത്ഥികൾ യു.ഡി.എഫ് ഭരിക്കുന്ന തൃക്കൂർ പഞ്ചായത്തിൽ പരാതി നൽകി. ഇതേത്തുടർന്നാണ് പഞ്ചായത്ത് അടിയന്തര യോഗം ചേർന്ന് കളക്ടർക്ക് പരാതി നൽകാൻ തീരുമാനിച്ചു.
എൽ.ഡി.എഫ് നേതൃത്വം കൊടുക്കുന്ന ബാങ്ക് ഭരണ സമിതിയുടെ കാലാവധി കഴിഞ്ഞ വർഷം ഏപ്രിൽ 12ന് അവസാനിച്ചിരുന്നു. കൊവിഡിനെ തുടർന്ന് നിലവിലുണ്ടായിരുന്ന ഭരണ സമിതിക്ക് ആറ് മാസം കൂടി കാലാവധി നീട്ടികൊടുത്തിരുന്നു. കഴിഞ്ഞ ഒക്ടോബർ നാലിന് നടത്താൻ നിശ്ചയിച്ച തിരഞ്ഞെടുപ്പ് കൊവിഡ് വ്യാപനത്തെ തുടർന്ന് വീണ്ടും മാറ്റിവയ്ക്കുകയും, അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏർപ്പെടുത്തുകയുംചെയ്തു.
എന്നാൽ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തിൽ 31ന് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നതിന് കളക്ടറും, ജില്ലാ മെഡിക്കൽ ഓഫീസറും അനുമതി നൽകിയിരുന്നു. പരാജയ ഭീതി മൂലമാണ് തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കാൻ കോൺഗ്രസ് ശ്രമിക്കുന്നതെന്ന്എൽ.ഡി.എഫ് കുറ്റപ്പെടുത്തി. കൊവിഡ് വ്യാപനമോ, കണ്ടെയ്‌ൻമെന്റ് സോണോ ഇല്ലാത്ത സാഹചര്യത്തിൽ പരാജയ ഭീതി മൂലമാണ് തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കാൻ കോൺഗ്രസ് ശ്രമിക്കുന്നത്. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തിൽ പരാതി തളളണമെന്നും പഞ്ചായത്തിലെ പ്രതിപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടു. എൽ.ഡി.എഫ് തിരഞ്ഞെടുപ്പു കമ്മിറ്റിയും പ്രതിഷേധിച്ചു.