വടക്കാഞ്ചേരി: റെയിൽവേ സ്റ്റേഷനിൽ ഷൊർണൂർ സ്റ്റേഷൻ ബന്ധപ്പെടാതെ വരുന്ന ട്രെയിനുകൾ മാർച്ചിന് ശേഷം പരീക്ഷണാടിസ്ഥാനത്തിൽ നിറുത്തുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. രമ്യ ഹരിദാസ് എം.പിയുടെ അദ്ധ്യക്ഷതയിൽ റെയിൽവേയുടെ വികസനങ്ങൾ ചർച്ച ചെയ്യാൻ വിളിച്ചു ചേർത്ത യോഗത്തിലാണ് ഉദ്യോഗസ്ഥർ ഇക്കാര്യം അറിയിച്ചത്.
യാത്രക്കാർ കൂടുതൽ ഉണ്ടെങ്കിൽ സ്റ്റോപ്പുകൾ സ്ഥിരമാക്കും. പ്ലാറ്റ്ഫോം ഉയരം കൂട്ടാനും റൂഫ് മേയാനും തീരുമാനമായി. കാട്ടിലങ്ങാടിയിലേക്ക് സ്റ്റേഷന്റെ പുറത്തു കൂടിഫുട്ട് ഓവർ ബ്രിഡ്ജ് നിർമ്മിക്കാനും വടക്കാഞ്ചേരി റെയിൽവേ ഗേറ്റിന് താഴെ അടിപ്പാത നിർമ്മിക്കാനും എം.പി ഫണ്ട് അനുവദിച്ചാൽ നിർമ്മാണം ആരംഭിക്കാമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
റെയിൽവേ സീനിയർ ഡിവിഷൻ മാനേജർ ഡോ. രാജേഷ് ചന്ദ്രൻ, ഐ.ആർ.ടി.എസ് ഡി വിഷൻ എൻജിനിയർ മാരിയപ്പ, അനിൽ അക്കര എം.എൽ.എ, കൗൺസിലർമാരായ കെ. അജിത്കുമാർ, എസ്.എ.എ. ആസാദ്, പി.എൻ. വൈശാഖ് നാരായണസ്വാമി, നബീസ നാസറലി, മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് അജിത്കുമാർ മല്ലയ്യ എന്നിവർ പങ്കെടുത്തു.