പുതുക്കാട്: എല്ലാ സ്റ്റേഷനുകളിലും ടിക്കറ്റ് ബുക്കിംഗ് ഏജന്റ് വഴി റിസർവേഷൻ ആരംഭിക്കണമെന്ന് പുതുക്കാട് ട്രെയിൻ പാസഞ്ചേഴ്‌സ് അസോസിയേഷൻ. നിലവിൽ പുതുക്കാട് ഉൾപ്പെടെയുള്ള സ്റ്റേഷനുകളിൽ നിന്ന് യാത്ര ചെയ്യുന്ന യാത്രക്കാർ ഓൺലൈൻ ടിക്കറ്റുകളെയോ തൃശൂർ, ചാലക്കുടി റിസർവേഷൻ സെന്ററുകളെയോ ആണ് ആശ്രയിക്കുന്നത്.
ഗ്രാമീണ മേഖലകൾ ഉൾപ്പെടുന്ന പുതുക്കാട് മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകൾക്ക് പുറമെ ചേർപ്പ് മേഖലകളും പുതുക്കാട് റെയിൽവേ സ്റ്റേഷനെയാണ് ആശ്രയിക്കുന്നത്. ബംഗളൂരു - കന്യാകുമാരി, ആലപ്പുഴ - കണ്ണൂർ എക്‌സ്പ്രസുകളാണ് നിലവിൽ സ്റ്റേഷനിൽ നിന്ന് സർവീസ് നടത്തുന്നത്. ഗുരുവായൂർ - പൂനലൂർ, നാഗർകോവിൽ - മംഗലാപുരം പരശുറാം എക്‌സ്പ്രസുകൾ ഉടൻ ആരംഭിക്കാനിരിക്കെ സ്റ്റേഷനിലെ കൗണ്ടറിൽ നിന്ന് റിസർവേഷൻ ലഭ്യമാക്കണമെന്നാണ് യാത്രക്കാരുടെ പ്രധാന ആവശ്യം.
പാസഞ്ചർ ട്രെയിൻ ഉടൻ ആരംഭിച്ച് ഗ്രാമീണ മേഖലയിലുള്ള യാത്രക്കാരുടെ യാത്രാക്ലേശം പരിഹരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ട്രെയിൻ പാസഞ്ചേഴ്‌സ് അസോസിയേഷൻ ഭാരവാഹികളായ പി.ആർ. വിജയകുമാർ, അരുൺ ലോഹിദാക്ഷൻ, വി. വിജിൻ വേണു എന്നിവർ സംസാരിച്ചു.