nivedine-abhinandahanam
പുഴയിൽ മുങ്ങിത്താഴ്ന്ന രണ്ട് വയസുകാരനെ രക്ഷപ്പെടുത്തിയ നിവേദിനെ അഭിനന്ദിക്കുന്നു.

തളിക്കുളം: മുറ്റിച്ചൂർ പാലത്തിന് തെക്കുവശം കനോലി കനാലിൽ മുങ്ങിത്താഴ്ന്നുകൊണ്ടിരുന്ന രണ്ട് വയസുകാരനെ രക്ഷപ്പെടുത്തിയ നിവേദിന് അഭിനന്ദനം. സമീപം താമസിക്കുന്ന തൂമാട്ട് ഡിബിൻ, സന്ധ്യ ദമ്പതികളുടെ മകൻ ധ്യാൻ ദർശ് എന്ന 2 വയസുകാരനാണ് പുഴയിൽ മുങ്ങിത്താഴ്ന്നത്.

ആ സമയം പുഴയിൽ ചൂണ്ടയിട്ടിരുന്ന 12 വയസുകാരനായ നിവേദ് എന്ന കുട്ടിയാണ് അതിസാഹസികമായി ധ്യാൻ ദർശിനെ മരണത്തിൽ നിന്ന് രക്ഷപ്പെടുത്തിയത്. കിഴക്കിനിയത്ത് ധലീഷ്, നിമി ദമ്പതികളുടെ മകനാണ് നിവേദ്. നാട്ടിക ഈസ്റ്റ് യു.പി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് നിവേദ്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് സംഭവം ഉണ്ടായത്. വീടിനു മുൻവശം കടവിൽ നിന്നിരുന്ന കുട്ടി വെള്ളത്തിൽ വീഴുകയായിരുന്നു. ശബ്ദം കേട്ട നിവേദ് വെള്ളത്തിൽ കൈ പൊന്തി കിടക്കുന്നത് കണ്ട് ഓടിയെത്തി പുഴയിലിറങ്ങി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.

നാട്ടിക ഈസ്റ്റ് യു.പി സ്കൂൾ അദ്ധ്യാപകരും പി.ടി.എയും ചേർന്ന് വീട്ടിലെത്തി നിവേദിനെ അനുമോദിച്ചു. പ്രധാനാദ്ധ്യാപിക പി.ആർ സ്നേഹലത, പി.ടി.എ പ്രസിഡന്റ് എം.എസ് സജീഷ് എന്നിവരാണ് അനുമോദിച്ചത്. നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് എം.ആർ ദിനേശൻ, വൈസ് പ്രസിഡന്റ് രജനി ബാബു എന്നിവരും വീട്ടിലെത്തി നിവേദിനെ അനുമോദിച്ചു.