മാള: വയസ് രണ്ടേ ആയിട്ടുള്ളൂവെങ്കിലും മോഡലിംഗ് രംഗത്ത് താരമാണ് കുഞ്ഞുസെറ. അധികം ആരോടും സംസാരിച്ചു തുടങ്ങിയിട്ടില്ല. പക്ഷേ കാമറയ്ക്ക് മുന്നിലെത്തിയാൽ മുഖത്ത് നിറയെ കുഞ്ഞുഭാവങ്ങളാണ്. അത്തരം ഭാവങ്ങൾ കാമറയിലൂടെ പകർത്തി സാമൂഹിക മാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെ വൈറലുമാണ് ഈ കുഞ്ഞുതാരം. ഇതോടെ
മാള പാറോക്കിൽ സനീഷിന്റേയും സിജിയുടേയും ഏക മകളായ സെറയെ തേടി ഹെർബൽ വില്ലേജ് ആയുർവ്വേദ പ്രൊഡക്ട്സ്, തിരുവനന്തപുരം കസവുമാൾ തുടങ്ങി നിരവധി പരസ്യങ്ങളുമെത്തി.
ഒമ്പത് മാസം മുതലെടുത്ത കുഞ്ഞുസെറയുടെ ചിത്രങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. സിനിമയുമായി ബന്ധപ്പെട്ട 24 മീഡിയ, സിനിമ ഷൂട്ടിംഗ്, മൂവി ട്രാവലർ, കുടു കുടു മീഡിയ, ഡി.ബി സിനിമാസ്, സിനിമാ പ്രാന്തൻ, ചൈൽഡ് ആർട്ടിസ്റ്റ്സ്, നാന ഫിലിം വീക്കിലി, തുടങ്ങി 13 ഓളം ഓൺലൈൻ മീഡിയകൾ അതെല്ലാം ഏറ്റെടുക്കുകയും ചെയ്തു. പിന്നീട് ബാലതാരങ്ങളുടെ സാമൂഹിക മാദ്ധ്യമ ഗ്രൂപ്പിലും ഇന്റർനാഷണൽ ആർട്ടിസ്റ്റ് ഗ്രൂപ്പിലും സെറയ്ക്ക് ആരാധകരായി. അമ്മയുടെ ഇടവകയായ രാജാക്കാട് ക്രിസ്തുരാജ പള്ളിയിൽ നടന്ന മാമോദീസ ചടങ്ങിലെ ചിത്രങ്ങൾ കണ്ട് പിതാവിന്റെ സുഹൃത്തുക്കളായ ഫോട്ടോഗ്രാഫർമാരാണ് സെറയുടെ കഴിവ് ആദ്യം തിരിച്ചറിഞ്ഞത്. ഒമർ ലുലുവിന്റെ അസോസിയേറ്റ് ഡയറക്ടർ ലിജീഷായിരുന്നു ഇവരിൽ പ്രമുഖൻ. കൂടാതെ പ്രൊഡക്‌ഷൻ കൺട്രോളർ രാജീവ് പെരുമ്പാവൂർ, ബിഗ് സ്‌ക്രീൻ ഫിലിം പ്രൊഡക്‌ഷൻ കമ്പനി ഉടമ ആൽവിൻ തുടങ്ങിയവരും പ്രോത്സാഹിപ്പിച്ചു. അടുത്തിടെ ഇടവേള ബാബു കൊവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം സെറയെ ഹ്രസ്വചിത്രത്തിലേക്ക് പരിഗണിക്കാമെന്ന് ഏറ്റിട്ടുണ്ട്. അതുവഴി സിനിമയിലും കൈവയ്ക്കാനാകുമെന്ന പ്രതീക്ഷയിലാണ് മാതാപിതാക്കൾ. ദുബായിൽ എയർപോർട്ടിൽ ക്വാളിറ്റി വിഭാഗത്തിൽ ജോലി ചെയ്യുകയാണ് സനീഷ്. അമ്മ സിജി അവിടെ നേഴ്‌സാണ്. ഇപ്പോൾ സനീഷും സെറയും നാട്ടിലുണ്ട്.
മോൾക്ക് കാമറകൾക്ക് മുന്നിൽ മുഖം കാണിക്കുന്നതും ഭാവ പ്രകടനങ്ങൾ കാണിക്കുന്നതും ഇഷ്ടമാണ്. ആ താൽപ്പര്യം തിരിച്ചറിഞ്ഞാണ് സുഹൃത്തുക്കളുടെ സഹായത്തോടെ പരസ്യങ്ങളിൽ മോഡലായത്. കുടുംബത്തിൽ ആർക്കും ഇത്തരത്തിലുള്ള കഴിവില്ല.
സനീഷ്.