congress

തൃശൂർ: നിയമസഭ തിരെഞ്ഞെടുപ്പ് സ്ഥാനാർത്ഥി ചർച്ചകൾ അണിയറയിൽ സജീവമായിരിക്കെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂരിൽ കോൺഗ്രസ്‌ സാദ്ധ്യതാപട്ടികയിൽ ആളുകളുടെ എണ്ണം കൂടുന്നു. കഴിഞ്ഞ തവണ മത്സരിച്ച പദ്മജ വേണുഗോപാലിന്റെ പേരിനാണ് മുൻ‌തൂക്കമെങ്കിലും നാലുപേരുടെ പേരുകൾ കൂടി ചർച്ചകളിൽ ഉയരുന്നുണ്ട്. കഴിഞ്ഞ തവണ മത്സരത്തിൽ നിന്നു മാറി നിന്ന മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ മത്സരിച്ചാൽ സീറ്റ്‌ തിരിച്ചു പിടിക്കാമെന്നു കഴിഞ്ഞ ദിവസം ചേർന്ന കെ.പി.സി.സി യോഗത്തിൽ മുൻ കെ.പി.സി.സി പ്രസിഡന്റുമാരിൽ ഒരാൾ അഭിപ്രായപ്പെട്ടതായി അറിയുന്നു. തേറമ്പിൽ മത്സരിക്കുന്നില്ലെങ്കിൽ ടി. വി. ചന്ദ്രമോഹനനെ പരിഗണിക്കണം എന്നും ആവശ്യം ഉയർന്നിട്ടുണ്ട്. ഇതിനു പുറമെയാണ് ഡി.സി.സി പ്രസിഡന്റ്‌ എം.പി. വിൻസെന്റ്, കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ എന്നിവരുടെ പേരുകൾ കൂടി ഉയർന്നു വന്നിരിക്കുന്നത്. എന്നാൽ തൃശൂർ കാലങ്ങളായി ഐ ഗ്രുപ്പ് മത്സരിക്കുന്ന സീറ്റുകളിൽ ഒന്നാണ്. അത് മറ്റുള്ളവർക്ക് വിട്ടു കൊടുക്കില്ലെന്നാണ് ഗ്രൂപ്പ് നേതാക്കൾ പറയുന്നത്. എന്നാൽ ഇത്തവണ ഗ്രൂപ്പ് വീതം വെച്ചായിരിക്കില്ല സ്ഥാനാർത്ഥി നിർണയം എന്ന ഹൈക്കമാൻഡ് മുന്നറിപ്പിൽ പിടിച്ചു കയറിയാണ് എ ഗ്രൂപ്പ് നേതാക്കളുടെ പേരുകളും ഉയർന്നിരിക്കുന്നത്. രാജൻ പല്ലൻ എ ഗ്രൂപ്പ് നേതാവാണെങ്കിൽ വിൻസെന്റ് കോൺഗ്രസ്‌ സംഘടന ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി അടുപ്പം പുലർത്തുന്നയാളാണ്. ഇതിനു പുറമെ ഏതാനും യുവ നേതാക്കളും സീറ്റ്‌ മോഹവുമായി കളത്തിലിറങ്ങിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല നയിക്കുന്ന കേരള യാത്രക്ക് മുൻപ് തന്നെ സ്ഥാനാർഥികളെ സംബന്ധിച്ചു ധാരണ വേണമെന്നാണ് യോഗത്തിൽ പൊതുവായി ഉയർന്നതെന്നു പറയുന്നു. ഒരു കാലത്ത് കോൺഗ്രസ്‌ കുത്തക മണ്ഡലമായി കൈവശം തൃശൂർ വി.എസ്. സുനിൽ കുമാറിലൂടെയാണ് എൽ.ഡി.എഫ് പിടിച്ചത്. ഇത്തവണ സുനിൽ കുമാർ തൃശൂരിൽ മത്സരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ല. കൂടുതൽ തവണ മത്സരിച്ചതിനാൽ മാറി നിൽക്കാമെന്ന അഭിപ്രായം ആണ് സുനിൽ കുമാർ നേതൃത്വത്തിന് മുന്നിൽ വെച്ചിരിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ സി.പി.ഐ തീരുമാനം എടുത്തിട്ടില്ല. ബി.ജെ.പിയിൽ സുരേഷ് ഗോപി, ബി.ഗോപാല കൃഷ്ണൻ, സന്ദീപ് വാര്യർ, കെ.കെ. അനീഷ് കുമാർ എന്നിവരുടെ പേരുകളാണ് സജീവ ചർച്ചയിൽ ഉള്ളത്. തൊട്ടടുത്ത മണ്ഡലമായ ഒല്ലൂരിൽ കോൺഗ്രസിലെ ഷാജി കോടങ്കണ്ടത്തിന്റെ പേരിനാണ് മുൻ തൂക്കം. ഇവിടെയും എം.പി വിൻസെന്റിന്റെ പേരും പരിഗണിച്ചേക്കും. കൂടാതെ ജോസ് വള്ളൂരിന്റെ പേരും ഉയരുന്നുണ്ട്.