തൃശൂർ: കൊവിഡ് വ്യാപനത്തെ തുടർന്ന് നിറുത്തി വച്ചിരുന്ന പാസഞ്ചർ, മെമു ട്രെയിനുകൾ ഓടിത്തുടങ്ങുമ്പോഴേയ്ക്കും വൻതിരക്ക് കണക്കിലെടുത്ത് തൃശൂർ റെയിൽവേ സ്റ്റേഷൻ ഒരുങ്ങി. ഒന്ന്, രണ്ട് പ്‌ളാറ്റ്‌ഫോമുകളെ ബന്ധിപ്പിക്കുന്ന ഫുട് ഓവർബ്രിഡ്ജ് നീട്ടാനുള്ള പ്രവർത്തനങ്ങളാണ് ഉടനെ ചെയ്യാനുള്ളത്.
രണ്ട് തവണ ഇതിന്റെ ടെൻഡറായെങ്കിലും പണി തുടങ്ങിയില്ല. ഇതിനുള്ള ശ്രമങ്ങളാണ് അടിയന്തരമായി ചെയ്യാനുള്ളത്. രണ്ടാം പ്‌ളാറ്റ്‌ഫോമിലെ തറയിലുളള കോൺക്രീറ്റ് മാറ്റി ഒന്നാം പ്‌ളാറ്റ്‌ഫോമിലേതു പോലെ ടൈൽ പതിപ്പിക്കാനും ഒരുക്കങ്ങളായി. മറ്റ് നിർമ്മാണപ്രവർത്തനങ്ങളെല്ലാം പൂർത്തിയായി.
നിലവിൽ ടിക്കറ്റ് റിസർവ് ചെയ്ത യാത്രക്കാരെ മാത്രമാണ് സ്റ്റേഷന്റെ ഉള്ളിൽ കയറ്റുന്നത്. ഒരു കവാടം മാത്രമാണ് തുറന്നിട്ടുള്ളത്. പാസഞ്ചർ ട്രെയിനുകൾ ഓടിയാൽ മുഴുവൻ കവാടങ്ങളും തുറക്കും.
റിസർവേഷൻ
ടിക്കറ്റ് റിസർവേഷൻ ഓഫീസിൽ നിന്നും സാധാരണ കൗണ്ടറിൽ നിന്നും നൽകുന്നുണ്ട്. മൂന്ന് കൗണ്ടറുകളാണ് പ്രധാനകവാടത്തിൽ പ്രവർത്തിക്കുന്നത്. റിസർവേഷൻ കെട്ടിടത്തിന്റെ എതിർവശത്തെ പാഴ്സൽ ഓഫീസിന് സമീപത്തെ ഇടുങ്ങിയ വഴിയിലൂടെയാണ് യാത്രക്കാർ പ്‌ളാറ്റ്‌ഫോമിലേക്ക് പ്രവേശിച്ചിരുന്നത്. കഴിഞ്ഞമാസമാണ് പ്രധാനകവാടം തുറന്നത്. യാത്രക്കാർക്കായുള്ള വിശ്രമ മുറികളും തുറന്നു. കൂടുതൽ പേർക്ക് ഇരിക്കാൻ പാകത്തിനുള്ള പുതിയതരം ഇരിപ്പിടങ്ങളും ഒരുങ്ങുന്നുണ്ട്. ആദ്യഘട്ടത്തിൽ 30 ഇരിപ്പിടങ്ങൾ തയ്യാറാക്കും. രണ്ടാം പ്‌ളാറ്റ് ഫോമുകളിലാണ് ഇവയുടെ നിർമ്മാണ പ്രവർത്തനം. വിമാനത്താവളങ്ങളുടെ മാതൃകയിൽ റെയിൽവേ വികസന കോർപറേഷൻ രാജ്യത്തെ റെയിൽവേ സ്‌റ്റേഷനുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ പദ്ധതിയിട്ടിരുന്നു.
സ്റ്റേഷന്റെ വികസനത്തിന് കോടിക്കണക്കിന് രൂപ കോർപറേഷൻ ചെലവഴിക്കേണ്ടി വരുമെന്നതിനാൽ ഇതിനുള്ള ഫണ്ട് സ്വരൂപിക്കുന്നതിനായി പൊതുസ്വകാര്യ പങ്കാളിത്ത (പി.പി.പി മോഡൽ) രീതിയാണ് ലക്ഷ്യമിട്ടിരുന്നത്. തൃശൂർ സ്റ്റേഷനെയും ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ കൊവിഡിന്റെ സാഹചര്യത്തിൽ ഈ പദ്ധതിക്ക് തുടക്കമിടാനായില്ല.
കേന്ദ്രമന്ത്രിക്ക് നിവേദനം
സംസ്ഥാന സർക്കാർ രേഖാമൂലം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ സാധാരണ പാസഞ്ചർ, മെമു ട്രെയിനുകൾ ആരംഭിക്കുവാൻ കേന്ദ്ര സർക്കാരിന്റെ അനുമതി റെയിൽവേയ്ക്ക് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ പാസഞ്ചേഴ്‌സ് അസോസിയേഷൻ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് നിവേദനം നൽകി. ദൈനംദിന യാത്രയ്ക്ക് ട്രെയിനിനെ ആശ്രയിക്കുന്ന സാധാരണക്കാരുടെ ക്ലേശങ്ങൾ പരിഹരിയ്ക്കുന്നതിന് റെയിൽവേ മന്ത്രിയുമായി സംസാരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
അമ്പത് ശതമാനത്തോളം യാത്രക്കാർ റെയിൽവേ സ്റ്റേഷനിൽ എത്തിത്തുടങ്ങിയിട്ടുണ്ട്. ട്രെയിനുകൾ പഴയപടി ഓടിത്തുടങ്ങിയാൽ യാത്രക്കാർക്കുള്ള എല്ലാ സൗകര്യങ്ങളും ലഭ്യമാക്കാനുള്ള ഒരുക്കം പൂർത്തിയായിട്ടുണ്ട്.
കെ.ആർ ജയകുമാർ
സ്റ്റേഷൻ മാനേജർ
തൃശൂർ റെയിൽവേ സ്റ്റേഷൻ.