തൃശൂർ : ജില്ലാ പഞ്ചായത്തിൽ പ്രതിപക്ഷം കൊണ്ടുവന്ന പ്രമേയത്തിന് ഭേദഗതികളോടെ ഭരണപക്ഷത്തിന്റെ പച്ചക്കൊടി. പാലിയേക്കര ടോൾ പ്ലാസയിലെ തദ്ദേശീയർ അനുഭവിക്കുന്ന തീരാദുരിതത്തിന് ശ്വാശത പരിഹാരമായി മണലിപ്പുഴയ്ക്ക് കുറുകെ പാലം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് അഡ്വ. ജോസഫ് ടാജറ്റ് കൊണ്ടുവന്ന പ്രമേയമാണ് ഭരണപക്ഷത്തിന്റെ പിന്തുണയോടെ പാസാക്കിയത്.
ലീല സുബ്രഹ്മണ്യൻ അനുവാദകയായ പ്രമേയത്തിൽ ഭേദഗതികൾ വേണമെന്ന് ഭരണപക്ഷത്തെ വി.എസ് പ്രിൻസും കെ.വി സജുവും ആവശ്യമുന്നയിച്ചു. പാലം നിർമ്മിക്കുന്നതിന്റെ നിയമ, സാങ്കേതിക വശങ്ങൾ പഠിക്കാൻ ഒരു സമിതിയെ വയ്ക്കണമെന്നാണ് ഇരുവരും ആവശ്യപ്പെട്ടത്. സാദ്ധ്യതകളെ കുറിച്ച് പഠിക്കാൻ സമിതിയെ നിയോഗിക്കണമെന്ന് പ്രസിഡന്റ് പി.കെ ഡേവിസ് മാസറ്ററും അഭിപ്രായപ്പെട്ടു.
മന്ത്രി കൂടിയായ സ്ഥലം എം.എൽ.എയുടെയും, എം.പി യുടെയും അഭിപ്രായം ഫണ്ട് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തേടുമെന്ന് പ്രസിഡന്റ് പറഞ്ഞു. നേരത്തെ പഞ്ചായത്തിന്റെ ആദ്യയോഗത്തിൽ അജണ്ടയിൽ ഉൾപ്പെടുത്താത്തതിലും , അവതരണാനുമതി നിഷേധിച്ചതിലും പ്രതിഷേധിച്ച് യു.ഡി.എഫ് അംഗങ്ങൾ യോഗത്തിൽ നിന്നും ഇറങ്ങിപ്പോയിരുന്നു. പാലം യാഥാർത്ഥ്യമാകുന്നതോടെ തദ്ദേശീയർ ഇന്ന് അനുഭവിക്കുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്ന് അഡ്വ. ജോസഫ് ടാജറ്റ് പറഞ്ഞു . ഇപ്പോൾ ടോൾ പ്ലാസയിലൂടെ കടന്നുപോകണമെങ്കിൽ ഏറെ സമയം നീണ്ട വരിയിൽ കാത്തുകിടക്കേണ്ടി വരുന്നു. അതിന് ഒരു പരിഹാരമാണ് പാലം. അതേസമയം പത്ത് സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഫെബ്രുവരി ആറിന് മുഖ്യമന്ത്രി നിർവഹിക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു. മലക്കപ്പാറ പ്രദേശത്തെ കൂടാരം പദ്ധതിയുടെ തടസം നീക്കാനും യോഗത്തിൽ തീരുമാനമായി. വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ, പി.എം അഹമ്മദ്, കെ.എസ് ജയ, ലത ചന്ദ്രൻ, എ.വി വല്ലഭൻ, കെ.ജി തിലകൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
സമിതി അംഗങ്ങൾ