കൊടുങ്ങല്ലൂർ: റോഡരികിൽ വാഹനത്തിലും മരത്തണലിലും വലിയ പഴക്കുലകൾ വില്പന നടത്തുന്ന കാഴ്ചയാണ് നാടെങ്ങും. നാലു മുതൽ അഞ്ച് കിലോ വരെ നേന്ത്രപ്പഴത്തിന് 100 രൂപയ്ക്കാണ് വിൽക്കുന്നത്. ഉത്പാദനം കൂടിയതാണ് ഇങ്ങനെയുള്ള വിൽപ്പന കേന്ദ്രങ്ങൾ കൂടുന്നതിന് ഇടയാക്കിയത്. കൊവിഡിനെ തുടർന്ന് തരിശു ഭൂമിയിൽ വ്യാപകമായി കൃഷി ഇറക്കിയതും ഇതര സംസ്ഥാനങ്ങളിൽ വാഴക്കന്നുകൾക്ക് വേണ്ടി നടത്തുന്ന കൃഷിയുമാണ് വിപണയിൽ നേന്ത്രപ്പഴത്തിന് വിലകുറയാൻ കാരണമായത്.
തമിഴ്‌നാട്ടിലെ മേട്ടുപാളയം, ട്രിച്ചി, തുത്തുക്കുടി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് ഏറെയും നേന്ത്രക്കായ വരുന്നത്. ഉത്പാദനം കൂടിയതോടെ ആ സ്ഥലങ്ങളിലും വിലയിടിഞ്ഞിരിക്കുകയാണ്. കൂടുതൽ തൂക്കമുള്ള നേന്ത്രക്കുലകളാണ് മാർക്കറ്റിൽ എത്തി കൊണ്ടിരിക്കുന്നത്. കിന്റൽ വാഴ എന്ന പേരിൽ അറിയപ്പെടുന്ന കുലകളുടെ തൂക്കം 25 കിലോ അധികമാണ്. ഈ കുലകളിൽ 60 ൽ പരം കായകൾ ഉണ്ടാകും. ജില്ലയിലെ ഏറ്റവും വലിയ മാർക്കറ്റുകളിൽ ഒന്നായ കോട്ടപ്പുറം മാർക്കറ്റിൽ ഇന്നലത്തെ കായയുടെ വില 13 രൂപയായിരുന്നു. നാടൻ കായ എന്നു തോന്നിപ്പിക്കുന്ന കായക്കുലകളും മേൽ പറഞ്ഞ സ്ഥലങ്ങളിൽ നിന്നും കോട്ടപ്പുറം മാർക്കറ്റിൽ എത്തിയിരുന്നു. ഇത് 22 രൂപ പ്രകാരമാണ് വിറ്റഴിച്ചത്. എന്നാൽ നാടൻ നേന്ത്രക്കായയുടെ വില 34 രൂപയാണ്. കൊവിഡാനന്തരം സംസ്ഥാനത്തും നേന്ത്രവാഴ കൃഷി വളരെ കൂടൂതലാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ഇറക്കുമതി കൂടിയായപ്പോൾ നാടെങ്ങും നേന്ത്രക്കായക്ക് വിലക്കുറഞ്ഞു. കോട്ടപ്പുറം മാർക്കറ്റിൽ ചന്ത ദിവസങ്ങളിൽ ശരാശരി എട്ട് ലോറി കായയാണ് വരുന്നത്. ഇതു കൂടാതെ പ്രദേശികമായി കടകളിലും മറ്റും വാഹനങ്ങളിൽ ഒന്നും രണ്ടും ടൗൺ കായക്കുലകളും പഴക്കുലകളും ഇറക്കി കൊടുക്കുന്ന രീതിയും പതിവാണ്.