കാഞ്ഞാണി: മണലൂരിന്റെ സ്വപ്നപദ്ധതിയായ മണലൂർ വഞ്ചിക്കടവ് കുടിവെള്ള പദ്ധതിയ്ക്ക് മൂന്നു വർഷത്തിന് ശേഷം ശാപമോക്ഷമാകുന്നു. അതിനുള്ള ആദ്യഘട്ടനിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി. കുടിവെള്ള കിണറിന്റെ മുകളിൽ തന്നെ മോട്ടോറുകൾ സ്ഥാപിക്കാനും പമ്പ് ഹൗസ് കെട്ടിടത്തിന്റെ നിർമ്മാണവും പുരോഗമിക്കുകയാണ്.
കുടിവെള്ളക്ഷാമം നേരിടുന്ന പാലാഴിയിലേക്ക് വഞ്ചിക്കടവിൽ നിന്ന് വെള്ളം ശുദ്ധീകരിച്ച് എത്തിക്കാൻ ഒരു കോടി രൂപ ചെലവുവരുന്ന പദ്ധതിയ്ക്കാണ് മണലൂർ പഞ്ചായത്ത് തുടക്കമിട്ടത്. സി.എൻ ജയദേവൻ എം.പിയുടെ വികസന ഫണ്ട് 20ലക്ഷം ഉപയോഗിച്ച് 2017ൽ ആറുമീറ്റർ വ്യാസമുള്ള കിണർ നിർമ്മാണം പൂർത്തീകരിച്ച് മുന്നുവർഷമായിട്ടും വെള്ളമെത്തിക്കാനുള്ള നടപടിയാകാത്തത് കേരളകൗമുദ്ധി പലഘട്ടങ്ങളിലായി റിപ്പോർട്ട് ചെയ്തിരുന്നു.
പാലാഴിയിൽ നിലവിലുള്ള ജലസംഭരണിയിൽ വെള്ളമെത്തിച്ച് വിതരണം ചെയ്യുന്ന പദ്ധതിയാണ് അധികൃതരുടെ അനാസ്ഥമൂലം ഇഴഞ്ഞുനീങ്ങിയത്. കിണർ നിർമ്മാണം 2300 മീറ്റർ ഭുമി അടിയിലൂടെ പൈപ്പ് സ്ഥാപിക്കൽ ,കുടിവെള്ള ശുദ്ധികരണ പ്ലാന്റ്, പംമ്പിഗ് മോട്ടർ സ്ഥാപിക്കൽ തുടങ്ങിയവ. വാട്ടർഅതോറിറ്റിക്കാണ് നിർമ്മാണ ചുമതല.
എം.പി ഫണ്ട് 20 ലക്ഷം, ജില്ലാപഞ്ചായത്ത് 10ലക്ഷം ഉൾപ്പടെ പഞ്ചായത്ത് ഫണ്ട് അടക്കം ഒരു കോടി രൂപയുടെ പദ്ധതിയാണിത്. എം.പി ഫണ്ട് 20ലക്ഷം ഉപയോഗിച്ച് കിണർ പൂർത്തീകരിച്ചു. എന്നാൽ ബാക്കിയുള്ള പ്രവൃത്തിക്ക് പഞ്ചായത്തിൽ നിന്ന് ഫണ്ട് കിട്ടുവാനുള്ള കാലതാമസമാണ് പദ്ധതിപൂർത്തീകരണത്തിന് ടെണ്ടർ നടപടി വൈകിയതിന് കാരണമായതെന്ന് വാട്ടർഅതോറിറ്റി അധികൃതർ പറഞ്ഞു.
പഞ്ചായത്തിൽ മാറിമാറി വരുന്ന ഭരണസമിതി തീരദേശ മേഖലകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് ലക്ഷങ്ങളാണ് ചെലവഴിച്ചത്. എം.പി, എം.എൽ.എ, പഞ്ചായത്ത് ഫണ്ടുകളാണ് ചിലവഴിച്ചത്. ഒരുപദ്ധതിയും ലക്ഷ്യത്തിലെത്താൻ കഴിഞ്ഞില്ല. മണലൂർ പഞ്ചായത്തിനുള്ളിൽ നാലു ജലസംഭരണികളാണ് നോക്കുകുത്തിയായി നിലകൊള്ളുന്നത്.
എന്നാൽ വഞ്ചിക്കടവ് കുടിവെള്ള പദ്ധതിയെങ്കിലും കാര്യക്ഷമതയോടെയും ദീർഘവീക്ഷണത്തോടെയും നടപ്പിലാക്കുമെന്നാണ് നാട്ടുകാർ കരുതുന്നത്.
കുടിവെള്ള കിണറിന്റെ മുകളിൽ ഇപ്പോൾ പമ്പ് ഹൗസിന്റെ നിർമ്മാണപ്രവർത്തനങ്ങളാണ് നടക്കുന്നത്. പാലാഴിയിലെ ജലസംഭരണിയുടെ കേടുപാടുകൾ തീർത്ത് ബലപ്പെടുത്തും. പി.ഡബ്ല്യു.ഡിയുമായി ബന്ധപ്പെട്ട് പൈപ്പിടൽ നടപടികൾ ആരംഭിക്കും.
- ജോണ ( അസി.എൻജിനിയർ, വാട്ടർ അതോറിറ്റി തൃശൂർ)