ചാലക്കുടി: നഗരസഭയുടെ 2021- 22 സാമ്പത്തിക വർഷത്തെ പദ്ധതിയിലേക്ക് വർക്കിംഗ് ഗ്രൂപ്പുകൾ തയ്യാറാക്കിയ കരട് രേഖകൾ അംഗീകരിച്ചു. സംസ്ഥാന സർക്കാർ അനുവദിച്ച 8.45 കോടി രൂപയുടെ പദ്ധതികൾക്കായാണ് കരട് തയ്യാറാക്കുന്നത്. നഗരസഭാ അങ്കണത്തിൽ നടന്ന വർക്കിംഗ് ഗ്രൂപ്പുകളുടെ ജനറൽ ബോഡി യോഗമാണ് കരടുകൾ തയ്യാറാക്കിയത്.

ചെയർമാൻ വി.ഒ. പൈലപ്പന്റെ അദ്ധ്യക്ഷതയിൽ പിന്നീടു നടന്ന കൗൺസിൽ യോഗം കരടു പദ്ധതി അംഗീകാരവും നൽകി. ജനുവരി 30 മുതൽ ഫെബ്രുവരി 12 വരെ നടക്കുന്ന വാർഡ് സഭകളിൽ നിന്നുമുള്ള നിർദ്ദേശങ്ങൾ കൂടി ഉൾപ്പെടുത്തി പിന്നീട് കൗൺസിൽ പദ്ധതിക്ക് അന്തിമ അംഗീകാരം നൽകും. ജനറൽ ബോഡി യോഗത്തിൽ വൈസ് ചെയർപേഴ്‌സൺ സിന്ധു ലോജു അദ്ധ്യക്ഷയായി.

ആസൂത്രണ സമിതി വൈസ് ചെയർമാൻ വി.ജി. ഗോപിനാഥ് ആമുഖ പ്രസംഗം നടത്തി. സ്ഥിരം സമിതി അദ്ധ്യക്ഷരായ അഡ്വ. ബിജു ചിറയത്ത്, കെ.വി. പോൾ, സി. ശ്രീദേവി, നിതാ പോൾ, എം.എം. അനിൽകുമാർ, എൽ.ഡി.എഫ് ലീഡർ സി.എസ്. സുരേഷ്, ഷിബു വാലപ്പൻ, മുനിസിപ്പൽ എൻജിനീയർ എം.കെ. സുഭാഷ് തുടങ്ങിയവർ പ്രസംഗിച്ചു.