sandhya
സന്ധ്യ രാധാകൃഷ്ണൻ

കൊടുങ്ങല്ലൂർ: ജീവൻ തുടിക്കുന്ന ചിത്രങ്ങൾ തുന്നിയെടുത്ത് ശ്രദ്ധേയയാകുകയാണ് സന്ധ്യ രാധാകൃഷ്ണൻ. കൊടുങ്ങല്ലൂർ അറക്കത്താഴം പതിയാട്ട് സുമന്റെ ഭാര്യയായ സന്ധ്യ പോർട്രയിറ്റ് എംബ്രോയ്ഡറി എന്ന കലാരൂപത്തിലൂടെയാണ് ശ്രദ്ധ പിടിച്ചുപറ്റുന്നത്. വർണ്ണനൂൽ കൊണ്ട് മുഖചിത്രങ്ങൾ വരക്കുന്ന ഈ കല സന്ധ്യ ശാസ്ത്രീയമായി പഠിച്ചിട്ടില്ല. ഭർത്താവിന്റെ സ്ഥാപനത്തിലുൾപ്പടെ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്തിട്ടുള്ള സന്ധ്യ ലോക്ഡൗൺ കാല വിരസതയകറ്റുവാനായാണ് വ്യത്യസ്തമായ വഴി തെരഞ്ഞെടുത്തത്. തുടക്കത്തിൽ ബോട്ടിൽ ആർട്ട് ചെയ്തിരുന്ന സന്ധ്യ പിന്നീട് പോർട്രയിറ്റ് എംബ്രോയ്ഡറിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. സുരേഷ് ഗോപി, ജയസൂര്യ എന്നിവരുടെ കുടുംബചിത്രങ്ങൾ ഉൾപ്പടെ നിരവധി ചിത്രങ്ങൾ സന്ധ്യ നൂലിൽ കൊരുത്തിട്ടുണ്ട്. ക്യാൻവാസിന് സമാനമായ തുണിയിൽ നൂലു കൊണ്ടാണ് ചിത്രങ്ങൾ തുന്നിയെടുക്കുന്നത്. രണ്ടോ മൂന്നോ ദിവസം കൊണ്ട് ഒരു ചിത്രം പൂർത്തിയാക്കാൻ കഴിയും. ഏഷ്യ ബുക്ക് ഒഫ് റെക്കാഡ്‌സ്, ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്‌സ് എന്നീ അംഗീകാരങ്ങൾ ഈ കലാകാരിയെ തേടിയെത്തിയിട്ടുണ്ട്. കൊവിഡ് കാലത്ത് സമൂഹത്തിന് നെഗറ്റീവിനോടാണ് താത്പര്യം. എന്നാൽ കൊവിഡിനെ തുടർന്നുള്ള ലോക് ഡൗൺ കാലം പോസറ്റീവ് അനുഭവമാണ് പകർന്നു നൽകിയതെന്ന് സന്ധ്യ രാധാകൃഷ്ണൻ പറയുന്നു.