പഴയന്നൂർ: ഗ്രാമ പഞ്ചായത്തിലെ ഹരിത ഓഫീസ് പ്രഖ്യാപനവും ഹരിത കർമ്മസേനയ്ക്കുള്ള ചെക്ക് വിതരണവും പഞ്ചായത്ത് പ്രസിഡന്റ് പി.കെ മുരളീധരൻ ഉദ്ഘാടനം ചെയ്തു. പഴയന്നൂർ പഞ്ചായത്തിലെ 14 സർക്കാർ ഓഫീസുകളെ ഹരിത ഓഫീസുകളായി അംഗീകരിക്കുകയും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു. ഏറ്റവും കൂടുതൽ പോയിന്റ് ലഭിച്ച എ ഗ്രേഡ് കരസ്ഥമാക്കിയ പഴയന്നൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് മൊമന്റോയും സർട്ടിഫിക്കറ്റും കൈമാറി. തരം തിരിച്ച പ്ലാസ്റ്റിക് ക്ലീൻ കേരള കമ്പനിയ്ക്ക് കൈമാറിയതിന് വിലയായി ലഭിച്ച തുകയുടെ ചെക്ക് ഹരിതകർമ്മസേനയ്ക്ക് കൈമാറുന്നതിനായി പ്രസിഡന്റും സെക്രട്ടറിയും ഏറ്റുവാങ്ങി. 10000 സർക്കാർ ഓഫീസുകൾ ഹരിത ഓഫീസുകളായി മുഖ്യമന്ത്രി പ്രഖ്യാപിച്ചതിന്റെ ഭാഗമായാണ് ഗ്രാമ പഞ്ചായത്തിലും ചടങ്ങുകൾ സംഘടിപ്പിച്ചത്. ചടങ്ങിൽ വൈസ് പ്രസിഡന്റ് രമ്യ വിനീത് അദ്ധ്യക്ഷയായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ എ.കെ ലത, സൗഭാഗ്യവതി എ, മറ്റ് പഞ്ചായത്ത് മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു.