mohana-amma
ആർ.ഡി.ഒ എൻ.കെ. കൃപ, ടെക്‌നിക്കൽ അസിസ്റ്റന്റ് ബിനി സെബാസ്റ്റ്യൻ, ഗോപാലകൃഷ്ണൻ, പ്രകാശ് ചന്ദ്രൻ എന്നിവർ ചേർന്ന് മോഹനഅമ്മയെ യാത്രയാക്കുന്നു.

ഗുരുവായൂർ: ഗുരുവായൂരിൽ കഴിഞ്ഞ 16 വർഷങ്ങളായി ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന 89 കാരി മോഹന അമ്മ ഇനി മകനൊപ്പം. വാർദ്ധക്യ സഹജമായ അസുഖങ്ങളാലും ഓർമക്കുറവ് കൊണ്ടും ഏറെ ബുദ്ധിമുട്ടിലായ ഇവർ തൃശൂർ ആർ.ഡി.ഒ: എൻ.കെ. കൃപയുടെ ഇടപെടലിലൂടെയാണ് ചെന്നൈയിലെ മകന്റെ അടുത്തെത്തിയത്.

ചെന്നൈയിൽ പ്രഫഷണൽ സോഷ്യൽ വർക്കർ ആയിരുന്ന മോഹനമേനോൻ തന്റെ എല്ലാ ഉത്തരവാദിത്വങ്ങളും പൂർത്തിയാക്കിയാണ് ഗുരുവായൂർ അമ്പല പരിസരത്തുള്ള ഫ്‌ളാറ്റിൽ താമസമാക്കിയത്. കഴിഞ്ഞ അഞ്ച് വർഷക്കാലമായി ഓർമക്കുറവ് മൂലം അവശയായ ഇവരുടെ അവസ്ഥ ഇവർ താമസിച്ചിരുന്ന ഫ്‌ളാറ്റിന്റെ ഉടമസ്ഥൻ ആർ.ഡി.ഒയെ അറിയിക്കുകയായിരുന്നു.

അറിയിപ്പ് കിട്ടിയതിനെ തുടർന്ന് മക്കളെ കുറിച്ച് അന്വേഷണം നടത്തി ആർ.ഡി.ഒ അവരെ ഫോണിൽ വിളിച്ച് അമ്മയുടെ സംരക്ഷണം ഏറ്റെടുക്കാൻ ആവശ്യപ്പെട്ടു. ഇതേത്തുടർന്നാണ് മകന്റെ ഭാര്യ ഗുരുവായൂരിലെത്തി അമ്മയെ ചെന്നൈയിലുള്ള വീട്ടിലേക്ക് കൊണ്ടുപോയത്. ആർ.ഡി.ഒ: ടെക്‌നിക്കൽ അസിസ്റ്റന്റ് ബിനി സെബാസ്റ്റ്യൻ, ഗോപാലകൃഷ്ണൻ, പ്രകാശ് ചന്ദ്രൻ എന്നിവർ അമ്മയെ യാത്രയാക്കി.