life

തൃശൂർ: വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളിലെ ലൈഫ് മിഷനിലൂടെ വീട് പൂർത്തീകരിച്ചവർക്ക് 13 സർക്കാർ വകുപ്പുകളിലൂടെ 67 സേവനങ്ങൾ ലഭ്യമാക്കുമെന്ന് മന്ത്രി എ.സി. മൊയ്തീൻ. തദ്ദേശ സ്ഥാപന തല സംഗമത്തിന്റെയും അദാലത്തിന്റെയും ഭാഗമായി വിവിധ വകുപ്പുകൾക്ക് ലഭിക്കുന്ന അപേക്ഷകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കളക്ടർക്ക് കൈമാറും.

ഗുണഭോക്താക്കൾക്ക് വിവിധ വകുപ്പുകളുടെ സേവനങ്ങൾക്കായി കളക്ടറുടെ അദാലത്തിലേക്കുള്ള അപേക്ഷകൾ സമർപ്പിക്കാനും കഴിയും. തദ്ദേശ സ്ഥാപനങ്ങളിലെ വാർദ്ധക്യകാല, കർഷക തൊഴിലാളി, വിധവാ, ഭിന്നശേഷി പെൻഷനുകൾ, ജനനമരണ വിവാഹ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകൾ, ഉടമസ്ഥവകാശ, സ്ഥിര താമസ സാക്ഷ്യപത്രം എന്നിവയ്ക്ക് അപേക്ഷിക്കുന്നതിനും അവസരം ലഭിക്കും. സിവിൽ സപ്ലൈസ് വകുപ്പിന്റെ റേഷൻ കാർഡ് തിരുത്തൽ, മുൻഗണന കാർഡ്, പുതിയ റേഷൻ കാർഡ്, തുടങ്ങിയ സേവനങ്ങൾക്കും അപേക്ഷിക്കാം.

കൃഷി, സാമൂഹിക നീതി, കുടുംബശ്രീ, ഐ.ടി, ഫിഷറീസ്, മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, വ്യവസായം, പട്ടികജാതി - വർഗം, ക്ഷീര വികസനം, ആരോഗ്യം, റവന്യൂ, ശുചിത്വമിഷൻ, വനിതാ ശിശു വികസനം, ഗ്രാമവികസനം തുടങ്ങിയ വകുപ്പുകളുടെ സേവനത്തിനായി ഉദ്യോഗസ്ഥ സംഘം എല്ലാ തദ്ദേശ സ്വയംഭരണങ്ങളിലും ഉണ്ടാകും. ജില്ലയിൽ ഫെബ്രുവരി 1, 2, 4 തീയതികളിൽ നടത്തുന്ന സാന്ത്വന സ്പർശം ജില്ലാ അദാലത്തിലും ഈ 13 വകുപ്പുകളുടെയും സേവനം ലഭിക്കുമെന്നും മന്ത്രി അറിയിച്ചു.