തൃശൂർ: ജില്ലയിൽ പൊതുവിതരണ വകുപ്പ് വഴി വിവിധ സ്ഥാപനങ്ങളിലെ 10703 അന്തേവാസികൾക്ക് സൗജന്യ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. കൊവിഡ് പശ്ചാത്തലത്തിൽ ജില്ലയിലെ അംഗീകൃതവും അല്ലാത്തതുമായ അഗതി മന്ദിരങ്ങൾ, ക്ഷേമ സ്ഥാപനങ്ങൾ, കന്യാസ്ത്രീ മഠങ്ങൾ, ആശ്രമങ്ങൾ, മാനസികാരോഗ്യ കേന്ദ്രങ്ങൾ തുടങ്ങിയവയിലെ അന്തേവാസികൾക്ക് സൗജന്യ പലവ്യഞ്ജന കിറ്റ് സർക്കാർ അനുവദിച്ചിരുന്നു. ഇതനുസരിച്ച് ജില്ലയിലെ 593 സ്ഥാപനങ്ങളിലെ 10703 അന്തേവാസികൾക്കാണ് കിറ്റ് വിതരണം ചെയ്തത്.
2434 കിറ്റുകളാണ് ഇവർക്കായി നൽകിയത്. ഇത്തരം സ്ഥാപനങ്ങളിലെ അന്തേവാസികൾക്ക് നാലുപേർക്ക് ഒരു കിറ്റ് എന്ന രീതിയിലാണ് കിറ്റ് വിതരണം ചെയ്തത്. ഇതിനാവശ്യമായ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് വകയിരുത്തിയത്. സ്ഥാപനങ്ങളിലെ വിതരണവുമായി ബന്ധപ്പെട്ട് ചീഫ് വിപ്പ് അഡ്വ. കെ. രാജന്റെ അദ്ധ്യക്ഷതയിൽ അവലോകന യോഗം ചേർന്നിരുന്നു. യോഗത്തിൽ ജില്ലാ സപ്ലൈ ഓഫീസർ, സാമൂഹിക നീതി ഓഫീസർ, സപ്ലൈകോ ഡിപ്പോ മാനേജർ, താലൂക്ക് സപ്ലൈ ഓഫീസർ, അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസർമാർ, റേഷനിംഗ് ഇൻസ്‌പെക്ടർമാർ എന്നിവർ പങ്കെടുത്തു.
സൗജന്യ ഭക്ഷ്യക്കിറ്റ് ഇനിയും ലഭിക്കാത്ത സ്ഥാപനങ്ങൾ ജില്ലാ സാമൂഹിക നീതി ഓഫീസർക്ക് അപേക്ഷ നൽകി അടിയന്തരമായി ഭക്ഷ്യക്കിറ്റ് കൈപ്പറ്റണമെന്ന് ചീഫ് വിപ്പ് അറിയിച്ചു. നിലവിൽ കിറ്റ് ലഭിക്കുന്നതിന് ഉത്തരവായിട്ടുള്ള സ്ഥാപനങ്ങൾ മൂന്നു ദിവസത്തിനുള്ളിൽ കിറ്റുകൾ റേഷൻ കടയിൽ നിന്നും കൈപ്പറ്റണം. ഈ സ്ഥാപനങ്ങളിലെ കിറ്റ് വിതരണവുമായി ബന്ധപ്പെട്ട പരാതികൾ ഉണ്ടെങ്കിൽ അതത് താലൂക്കുകളിലും ബന്ധപ്പെടണം.