തൃശൂർ: ലക്ഷക്കണക്കിനു വരുന്ന കർഷകരുടെ അതിജീവനത്തിനുള്ള പോരാട്ടമാണ് രാജ്യ തലസ്ഥാനത്ത് നടക്കുന്നതെന്നും കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കാൻ തയ്യാറാകണമെന്നും മന്ത്രി വി.എസ് സുനിൽകുമാർ. തേക്കിൻക്കാട് മൈതാനിയിൽ ന 72-ാം റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മെ അന്നമൂട്ടുന്നവർ ട്രാക്ടറുകളും ടില്ലറുകളുമായി തലസ്ഥാന അതിർത്തികളിൽ കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന സമരം ലോകം കണ്ട ഏറ്റവും വലിയ ഐതിഹാസിക പോരാട്ടമായി മാറിക്കഴിഞ്ഞു. അവകാശങ്ങൾ സംരക്ഷിച്ചുകിട്ടാൻ കർഷകർക്ക് തെരുവിലിറങ്ങേണ്ടി വരുന്നത് ദൗർഭാഗ്യകരമാണ്. കർഷകർക്കെതിരെയുള്ള ഇത്തരം നിയമങ്ങൾ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളുമായി നിലനിൽക്കുന്ന തർക്കങ്ങൾക്കും പരിഹാരമുണ്ടാക്കേണ്ടതുണ്ട്. ജനാധ്യപത്യ രാജ്യമെന്ന നിലയിൽ ഈ തർക്കങ്ങൾ പരിഹരിക്കേണ്ടത് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.
കളക്ടർ എസ്. ഷാനവാസ്, ജില്ലാ പൊലീസ് മേധാവി ആർ. വിശ്വനാഥ്, സിറ്റി പൊലീസ് കമ്മിഷണർ ആർ. ആദിത്യ എന്നിവരും പരേഡിൽ അഭിവാദ്യം സ്വീകരിച്ചു. പരേഡിനെ ജില്ലാ സാധുധ സേന റിസർവ്വ് ഇൻസ്‌പെകടർ കെ. വിനോദ് കുമാർ നയിച്ചു. ചടങ്ങിൽ ചിമ്മിനി അണക്കെട്ടിൽ നിന്ന് വെള്ളം തുറന്നുവിട്ടപ്പോൾ ഒഴുക്കിൽപ്പെട്ട മൂന്ന് കുട്ടികളെ രക്ഷപ്പെടുത്തിയ ചെങ്ങാല്ലൂർ സ്വദേശി കമൽദേവ്, അകതിയൂർ ക്ഷേത്രക്കുളത്തിൽ അകപ്പെട്ട രണ്ട് വനിതകളെ രക്ഷപ്പെടുത്തിയ സരിത മണികണ്ഠൻ എന്നിവരെ ജീവൻ രക്ഷാപതക് പുരസ്‌കാരങ്ങൾ നൽകി ആദരിച്ചു. കേരള ചീഫ് വിപ്പ് അഡ്വ. കെ. രാജനും പങ്കെടുത്തു.