fire
കുന്നംകുളത്തെ തീപിടുത്തം അഗ്‌നിശമന സേനയും സിവിൽ ഡിഫൻസ് സേനയും ചേർന്ന് നിയന്ത്രണ വിധേയമാക്കിയപ്പോൾ.

തൃശൂർ: കുന്നംകുളം നഗരത്തിൽ ആക്രിക്കടയിൽ വൻ തീപിടുത്തം. ഇന്നലെ പുലർച്ചെ നാലരയോടെയാണ് യേശുദാസ് റോഡിലെ ആക്രിക്കടയുടെ പിറകുവശത്ത് തീ പിടിച്ചത്. ആക്രിക്കടയോട് ചേർന്നുള്ള കടലാസ് ഗോഡൗണിലേക്കും ബൈൻഡിംഗ് സെന്ററിലേക്കും തീ പടർന്നു.

ആക്രിക്കട പ്രവർത്തിക്കുന്ന സ്ഥലത്തിനോട് ചേർന്ന് നിരവധി കടകൾ സ്ഥിതി ചെയ്യുന്നുണ്ട്. ഇവിടേക്ക് തീ പടരാതിരുന്നത് വൻദുരന്തം ഒഴിവാക്കി. സംഭവ സമയത്ത് ജീവനക്കാർ ഉണ്ടായിരുന്നുവെങ്കിലും ഇവർക്ക് തീയണയക്കാൻ കഴിഞ്ഞില്ല. തീ ആളിപ്പടർന്നതോടെ സമീപത്തെ ബുക്ക് ബൈൻഡിംഗ് സ്ഥാപനവും കത്തി നശിച്ചു. തുടർന്ന് ഫയർഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു.

കുന്നംകുളത്തിന് പുറമെ ഗുരുവായൂർ, തൃശൂർ, പൊന്നാനി, വടക്കാഞ്ചേരി എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്‌സും സിവിൽ ഡിഫൻസ് സേനയും സ്ഥലത്തെത്തി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് നഗരത്തിലെ മറ്റ് സ്ഥാപനങ്ങളിലേക്ക് തീപടരാതെ നിയന്ത്രണ വിധേയമാക്കിയത്. ഷോർട്ട് സർക്യൂട്ടാണ് അഗ്‌നിബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.

അഞ്ച് യൂണിറ്റ് ഫയർഫോഴ്‌സ് എത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്. കുന്നംകുളം നഗരത്തിലെ ആക്രി സാധനങ്ങൾ വാങ്ങുന്ന ഏറ്റവും വലിയ കടയാണിത്. പട്ടാമ്പി സ്വദേശി മുസ്തഫയുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. തീ പിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല. 15 ലക്ഷം രൂപയുടെ നഷടമുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക നികഗമനം.