തൃശൂർ: ജില്ലയിലെ മാലിന്യ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ ശുചിപൂർണ പദ്ധതി. 2021- 22 വാർഷിക പദ്ധതികളുമായി ബന്ധപ്പെട്ട് നടന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തിലാണ് പദ്ധതി നടപ്പാക്കാൻ തീരുമാനമായത്. ജില്ലയിൽ സമ്പൂർണ ശുചിത്വം ഉറപ്പുവരുത്തുന്നതിനായി ജില്ലാതലത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ വികസന ഏജൻസികളുടെയും സന്നദ്ധ സംഘടനകളുടെയും പൊതുജന പങ്കാളിത്തോടെ നടപ്പിലാക്കുന്ന സമഗ്ര ശുചിത്വ പരിപാടിയാണിത്. ശുചിത്വ പ്രവർത്തനങ്ങളിൽ പുതിയ ഒരു സംരംഭകത്വ സംസ്‌കാരമാണ് ശുചിപൂർണയിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ജൈവ, അജൈവ മാലിന്യ സംസ്‌കരണത്തിനായി ജില്ലയിലെ എം.സി.എഫുകളും ആർ.ആർ.എഫുകളും ഹരിതകർമസേന പ്രവർത്തനങ്ങളും 100 ശതമാനം വ്യാപകമാക്കി ശുചിത്വ പ്രവർത്തനങ്ങൾ ഊർജിതമാക്കും.
25 കേന്ദ്രങ്ങളിൽ ജൈവവള നിർമാണ യൂണിറ്റുകൾ
നഗര സ്വഭാവമുള്ള 25 കേന്ദ്രങ്ങളിൽ ജൈവവള നിർമാണ യൂണിറ്റുകളും പാഴ് വസ്തുക്കൾ ശേഖരിച്ച് തരംതിരിച്ച് പുനഃചംക്രമണത്തിനു ലഭ്യമാക്കുന്നതിനുള്ള വിഭവ വിനിയോഗ കേന്ദ്രങ്ങളും സ്ഥാപിക്കും. ഇതുമായി ബന്ധപ്പെട്ട ഏകോപിത പ്രവർത്തനങ്ങൾ തദ്ദേശ സ്ഥാപന തലത്തിലാണ് നടപ്പിലാക്കുക. മുടിമാലിന്യ സംസ്‌കരണത്തിന് കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യ ഉപയോഗിച്ച് ദ്രവരൂപത്തിലുള്ള വളമാക്കി വിപണനം നടത്തുന്നതിനും ശുചിപൂർണയിലൂടെ ലക്ഷ്യമിടുന്നു. ഇത്തരത്തിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ഉത്പാദിപ്പിക്കപ്പെടുന്ന ജൈവവളം ജൈവസ് 08 എന്ന പേരിലും മുടിവളം ചേതസ്സ് 08 എന്ന പേരിലും ബ്രാൻഡിംഗ് നടത്തും. കൃഷിഭവൻ മുഖേനയും സഹകരണ സംഘങ്ങൾ മുഖേനയും കൃഷിക്ക് ലഭ്യമാക്കുന്നതിന് അതിലൂടെ വരുമാന വർദ്ധനവും ലക്ഷ്യമിടുന്നുണ്ട്.
മലിനജലം ആധുനിക സംവിധാനങ്ങളോടെ ട്രീറ്റ് ചെയ്യും
മലിനജലം, സെപ്‌ടേജ് ട്രീറ്റ്‌മെന്റ് എന്നിവയ്ക്ക് ആധുനിക സംവിധാനങ്ങളോടെ ട്രീറ്റ് ചെയ്യുന്നതിനും അത് വീടുകളിലും സ്ഥാപനങ്ങളിലും ഉറപ്പുവരുത്തുന്നതിനുള്ള സംവിധാനങ്ങളും ഇതിലൂടെ നടപ്പാക്കും. ജില്ലയെ മാലിന്യനിരോധിത മേഖലയായി പ്രഖ്യാപിച്ച് കർശന പരിശോധനാ സംവിധാനവും ഉറപ്പാക്കും. ഇതിനായി പ്രത്യേക സ്‌ക്വാഡുകളും രൂപീകരിക്കും.
പൊതുയിടങ്ങളിൽ ഓപ്പൺ ജിംനേഷ്യം
പൊതുയിടങ്ങളിൽ ഓപ്പൺ ജിംനേഷ്യം തുടങ്ങുന്നതിന് ഫ്രീ സ്റ്റൈൽ എന്ന നൂതന പദ്ധതിയും നടപ്പിലാക്കും. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും ജീവിത ശൈലി രോഗങ്ങൾ നിയന്ത്രിക്കുന്നതിനും പൊതുജനങ്ങളെ പ്രാപ്തമാക്കുന്നതിനായി ജില്ലയിൽ തദ്ദേശഭരണ സ്ഥാപനതലത്തിൽ പദ്ധതി വിഹിതം, എം.എൽ.എ എം. പി ഫണ്ട്, സി.എസ്.ആർ ഫണ്ട്, മറ്റ് സംഭാവനകൾ തുടങ്ങിയവ വിനിയോഗിച്ചുകൊണ്ടാണ് ഓപ്പൺ ജിംനേഷ്യം ആരംഭിക്കുക. ശുചിപൂർണയുടെ ഭാഗമായി എല്ലാ പൊതു ഇടങ്ങളിലും ഇത്തരത്തിൽ ഓപ്പൺ ജിം ഉപകരണങ്ങൾ സ്ഥാപിക്കും.
ജല രക്ഷ ജീവൻ രക്ഷ പദ്ധതി ഏകോപനം ഉറപ്പാക്കും
ജില്ലയിൽ നടപ്പിലാക്കി വരുന്ന ജല രക്ഷ ജീവൻ രക്ഷ പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങളും ഏകോപിപ്പിക്കാൻ യോഗത്തിൽ തീരുമാനമായി. ജല സംരക്ഷണത്തോടൊപ്പം ജല വിനിയോഗത്തിലും നീർത്തട സംരക്ഷണത്തിലും ഊന്നൽ നൽകിക്കൊണ്ടുള്ള പ്രവർത്തനങ്ങൾ ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങൾ, വിവിധ വികസന ഏജൻസികൾ, സന്നദ്ധ സംഘടനകൾ, വിദ്യാർത്ഥി സംഘടനകൾ, തൊഴിലാളി സംഘടനകൾ എന്നിവ വഴിയും നടപ്പിലാക്കും. വീടുകളിലും പൊതുകെട്ടിടങ്ങളിലും മഴവെളള സംഭരണം, കുളങ്ങളുടെയും പുഴകളുടെയും തോടുകളുടെയും സംരക്ഷണം, ജലസേചന സംവിധാനങ്ങളുടെ അറ്റകുറ്റപ്പണി തുടങ്ങിയ ജലസംരക്ഷണ പ്രവർത്തനങ്ങൾ സംഘടിതമായി നടപ്പിലാക്കും. ജല സംരക്ഷണ സാക്ഷരത ഊട്ടിയുറപ്പിക്കുന്നതിനായി ജില്ലയിൽ സ്‌കൂൾ തലത്തിൽ പ്രവർത്തിച്ചുവരുന്ന ബ്ലൂ ആർമി കോളേജ് തലത്തിലും വ്യാപിപ്പിക്കും.