furniture

തൃശൂർ: ഫർണിച്ചർ വ്യവസായ രംഗത്ത് ചൊവ്വൂരിന്റെ പാരമ്പര്യവും വൈദഗ്ദ്ധ്യവും പരമാവധി ഉപയോഗപ്പെടുത്താനായി രൂപകൽപ്പന ചെയ്ത കോമൺ ഫെസിലിറ്റി സെന്റർ പ്രവർത്തനം ആരംഭിച്ചു. ചേർപ്പ് കടലാശ്ശേരിയിൽ ആരംഭിച്ച കോമൺ ഫെസിലിറ്റി സെന്റർ കേന്ദ്ര വ്യവസായ മന്ത്രി നിതിൻ ഗഡ്കരി ഓൺലൈനായി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജൻ അദ്ധ്യക്ഷനായ ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് മുഖ്യാതിഥിയായി.

രാജ്യത്ത് വൻ തോതിൽ നടക്കുന്ന ഫർണിച്ചർ ഇറക്കുമതിക്ക് മാറ്റമുണ്ടാക്കാൻ ചൊവ്വൂർ കോമൺ ഫെസിലിറ്റി സെന്റർ പോലുള്ള വ്യവസായ സംരംഭങ്ങൾക്ക് സാധിക്കുമെന്ന് കേന്ദ്ര വ്യവസായ മന്ത്രി നിധിൻ ഗഡ്കരി ഉദ്ഘാടനവേളയിൽ അഭിപ്രായപ്പെട്ടു. കടലാശ്ശേരിയിൽ 14.4508 കോടി രൂപ ചെലവഴിച്ചാണ് കോമൺ ഫെസിലിറ്റി സെന്റർ ഒരുക്കിയിട്ടുള്ളത്. വ്യവസായ വകുപ്പിന് കീഴിലുള്ള കേരള ബ്യൂറോ ഒഫ് ഇൻഡസ്ട്രിയൽ പ്രൊമോഷൻ (കെ ബിപ്) മുഖേനയാണ് പദ്ധതി നടപ്പിലാക്കിയത്.

കേന്ദ്ര സർക്കാർ വിഹിതമായ 10.5 കോടി രൂപയും സംസ്ഥാന സർക്കാരിന്റെ 2.89 കോടിയും 144 പേർ അടങ്ങുന്ന ഉൽപ്പാദക കൺസോർഷ്യത്തിന്റെ 1.54 കോടി രൂപയും ഫാക്ടറിയുടെ നിർമാണത്തിന് വിനിയോഗിച്ചിട്ടുണ്ട്. കേരളത്തിന്റെ വ്യവസായ മേഖലയിൽ 96 ശതമാനവും പ്രവർത്തിക്കുന്ന സൂഷ്മ ചെറുകിട ഇടത്തരം വ്യവസായങ്ങളുടെ (എം.എസ്.എം.ഇ) കീഴിലാണ് പുതിയ ഫർണിച്ചർ വർക്ക്‌ഷോപ്പ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. പ്രത്യേക തൊഴിൽ മേഖലകളെ കൂടുതൽ പ്രവർത്തനക്ഷമമാക്കാനായി 15 ക്ലസ്റ്ററുകൾക്ക് സർക്കാർ രൂപം നൽകിയിട്ടുണ്ട്.

ഫർണിച്ചർ നിർമാണത്തിനായി രൂപീകരിച്ച അഞ്ചാമത് ക്ലസ്റ്ററാണ് ചൊവ്വൂരിൽ പ്രവർത്തനം ആരംഭിച്ചത്. ഫർണിച്ചർ തൊഴിൽ ചെയ്യുന്ന 2 ലക്ഷം തൊഴിലാളികളാണ് കേരളത്തിലുള്ളത്. കേരള ഗവ. പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ, എം.എസ്.എം.ഇ ഡെവലപ്‌മെന്റ് കമ്മിഷണർ ദേവേന്ദ്ര കുമാർ സിംഗ്, എം.എസ്.എം.ഇ ഡയറക്ടർ ഇൻ ചാർജ് ജി.എസ്. പ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.