കാഞ്ഞാണി : ഉടമസ്ഥാവകാശത്തെ ചൊല്ലി വകുപ്പുകൾ തമ്മിലുള്ള തർക്കം നാല് വർഷം കഴിയുമ്പോൾ കണ്ടശ്ശാംകടവ് ജലോത്സവ പവലിയനും കോംപ്ലക്‌സും പാർക്കും നശിക്കുന്നു.
ഉടമസ്ഥാവകാശം മണലൂർ പഞ്ചായത്തിന് വിട്ടുകിട്ടാൻ എം.എൽ.എ മുരളി പെരുനെല്ലി മുഖേന ഇറിഗേഷൻ വകുപ്പിനും ടൂറിസം വകുപ്പിനും കത്ത് നൽകിയെങ്കിലും അറ്റകുറ്റപണി നടത്തുന്നതിൽ തടസമില്ലെന്നുള്ള മറുപടി മാത്രമാണ് ഇറിഗേഷൻ വകുപ്പിൽ നിന്ന് ലഭിച്ചത്. നിലവിലെ പഞ്ചായത്ത് ഭരണസമിതി ഇറിഗേഷൻ വകുപ്പുമായി ബന്ധപ്പെട്ടപ്പോഴും അറ്റകുറ്റപണി നടത്തുന്നതിൽ തടസമില്ലെന്നുള്ള മറുപടി മാത്രമാണ് കിട്ടിയതെന്ന് പഞ്ചായത്ത് അധികൃതരും പറയുന്നു.
പവലിയൻ ഭിത്തികൾ വിണ്ട നിലയിലും പാർക്ക് സൈഡ് ഭിത്തികൾ തകർന്ന നിലയിലുമാണ്. ഉപകരണങ്ങൾ തുരുമ്പും പിടിച്ചു നശിക്കുകയല്ലാതെ അറ്റകുറ്റപണി നടത്തി സംരക്ഷിക്കാനാകുന്നില്ല. അറ്റകുറ്റപണി നടത്താൻ തടസമില്ലെന്ന് ഇറിഗേഷൻ വകുപ്പ് പഞ്ചായത്ത് അധികൃതരെ അറിയിച്ചെങ്കിലും ഉടമാവസ്ഥാവകാശ തർക്കം തുടർക്കഥയാകുകയാണ്. പവലിയനും ചുറ്റും പാർക്കിനുള്ളിലും വളരുന്ന പുൽക്കാടുകൾ പഞ്ചായത്ത് വെട്ടി വൃത്തിയാക്കുന്നുണ്ട്.
ഉടമസ്ഥാവകാശം തീരുമാനമാകാത്തതിൽ കോംപ്ലക്‌സിന് പഞ്ചായത്ത് നമ്പറും നൽകിയിട്ടില്ല. പവലിയനോട് ചേർന്ന് കൺവെൻഷൻ സെന്റർ നിർമ്മിക്കാൻ ബഡ്ജറ്റിൽ മൂന്ന് കോടി നീക്കിവെച്ചിട്ടുണ്ട്. കൺവെൻഷൻ സെന്ററിന്റെ നിർമ്മാണം പൂർത്തീകരിച്ചതിന് ശേഷം ഉടമസ്ഥാവകാശത്തെ കുറിച്ച് തീരുമാനിക്കാമെന്നാണ് എം.എൽ.എയുടെ ഇപ്പോഴത്തെ നിലപാട്. എന്നാൽ ഇതുകൊണ്ട് പൊതുജനങ്ങൾക്ക് എന്ത് പ്രയോജനം എന്ന ചോദ്യത്തിന് ഉത്തരം നൽകാനാകാതെ ഇരുട്ടിൽതപ്പുകയാണ്.
നിർമ്മാണവും വിവാദവും ഇങ്ങനെ
ജില്ലയിലെ ഏറ്റവും വലിയ വള്ളംകളിയുടെ ഫിനിഷിംഗ് പോയിന്റ് എന്ന പ്രാധാന്യം കണക്കിലെടുത്താണ് 2,300 ചതുരശ്ര അടി വിസ്തീർണ്ണവും അഞ്ഞൂറിൽപരം പേർക്ക് ഇരിക്കാവുന്ന പവലിയൻ നിർമ്മിച്ചത്. അതിനോട് ചേർന്ന് മൂന്ന് മുറികളും കുട്ടികളുടെ പാർക്കും നിർമ്മിച്ചിരുന്നു. ടൂറിസം വകുപ്പിന്റെ ഫണ്ട് ഒരു കോടി ഉപയോഗിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചത്. 2016ൽ സഹകരണമന്ത്രി എ.സി മൊയ്തീനാണ് ഉദ്ഘാടനം നടത്തിയത്. എന്നാൽ നടത്തിപ്പിന്റെ ഉടമസ്ഥാവകാശം ആർക്കെന്നുള്ളതിൽ കൃത്യത വരുത്തിയിരുന്നില്ല.
പഞ്ചായത്തിന് വിട്ടുകിട്ടുന്നതിന് ഇറിഗേഷൻ അധികൃതരുമായി ബന്ധപ്പെട്ടിരുന്നു. അറ്റകുറ്റപണി ചെയ്യുന്നതിൽ തടസമില്ലെന്നാണ് മറുപടി കിട്ടിയത്. ലൈറ്റുകൾ കത്തിക്കണം. കേട് വന്നിട്ടുള്ള ഉപകരണങ്ങൾ നന്നാക്കണം. ടോയ്‌ലറ്റ് ഉപയോഗപ്രദമാക്കണം. പഞ്ചായത്തിന് ഉടമസ്ഥാവകാശം കിട്ടാത്തതിനാൽ ബുദ്ധിമുട്ട് ഉണ്ടെങ്കിലും അറ്റകുറ്റപണികൾക്കുള്ള പദ്ധതികൾ ആസൂത്രണം ചെയ്തു വരുന്നു.
പി.ടി ജോൺസൻ
പ്രസിഡന്റ്
മണലൂർ പഞ്ചായത്ത്.