തൃശൂർ: ഏത്തക്കായയ്ക്ക് കേരള സർക്കാർ പ്രഖ്യാപിച്ച അടിസ്ഥാന താങ്ങുവില കർഷകർക്ക് നിഷേധിക്കാൻ ഉദ്യോഗസ്ഥ തലത്തിൽ ഗൂഢാലോചന നടക്കുന്നതായി ആരോപണം. ഇക്കാര്യത്തിൽ കൃഷിമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് കർഷകർ ആവശ്യപ്പെട്ടു. പദ്ധതിയുടെ ആനുകൂല്യം ഏത്തവാഴ കർഷകർക്ക് ലഭിക്കണമെങ്കിൽ കൃഷി വകുപ്പിന്റെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണമെന്നാണ് നടപടിക്രമം. എന്നാൽ ഈ സൈറ്റിൽ രജിസ്റ്റർ ചെയ്യാനാവശ്യമായ സജ്ജീകരണങ്ങളൊന്നും കൃഷിവകുപ്പ് നൽകിയിട്ടില്ല.
ഇതു സംബന്ധിച്ച് അന്വേഷിക്കുന്നവർക്ക് മാത്രം ഇതിന്റെ ഫോർമാറ്റ് ലഭിക്കൂ. എന്നാൽ ഇത്തരത്തിൽ അയച്ചു കൊടുക്കുന്നവർക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നില്ലെന്നും ആരോപണമുണ്ട്. മൂന്നു മാസം മുമ്പ് വാഴക്കൃഷി തുടങ്ങിയവർക്ക് അടിസ്ഥാന താങ്ങുവിലയുടെ ആനുകൂല്യം ബാധകമല്ല. കേരളത്തിലെ ഏത്തവാഴ കൃഷി നടത്തുന്ന ബഹുഭൂരിപക്ഷം കർഷകരും അടുത്ത ഓണത്തിന് വിളവെടുക്കാൻ പാകത്തിന് കൃഷി ചെയ്യുന്നവരാണ്. ഒക്ടോബർ മാസത്തിൽ കൃഷി നടത്തിയ ആയിരക്കണക്കിന് കർഷകർക്ക് ഇതിന്റെ പേരിൽ ആനുകൂല്യം ലഭിക്കാത്ത സ്ഥിതിയാണ്. സർക്കാരിന്റെ നയങ്ങളെ തുരങ്കം വയ്ക്കാനുള്ള ഗൂഢാലോചനയാണ് ഇതിന്റെ പിന്നിലെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്.
മുഴുവൻ കർഷകർക്കും സർക്കാർ നിശ്ചയിച്ച കിലോക്ക് 30 രൂപയെന്ന ആനുകൂല്യം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണം. ഒരു കിലോ ഏത്ത കായക്ക് ഇപ്പോൾ ലഭിക്കുന്നത് 15 രൂപയാണ്. വൻ വിലയിടിവിൽ നിന്ന് കർഷകരെ രക്ഷിക്കാൻ സർക്കാർ നിശ്ചയിച്ച 30 രൂപ നൽകണമെന്നാണ് ഭൂരിപക്ഷ ആവശ്യം. മറ്റു സംസ്ഥാനങ്ങളിൽ നിന്നും വൻ തോതിൽ കായ ഇറക്കുമതി ചെയ്യുന്നതിനാൽ ഇവിടെ ഉത്പാദിപ്പിക്കുന്ന കായയ്ക്ക് മതിയായ വില ലഭിക്കുന്നില്ലെന്നും കർഷകർ പറയുന്നു.