വടക്കാഞ്ചേരി: ഉത്രാളിക്കാവ് പൂരം കൊവിഡ് മാനദണ്ഡങ്ങളും സർക്കാർ ഉത്തരവുകളും പാലിച്ച് നടത്താൻ പൂരത്തിന്റെ മുഖ്യ പങ്കാളികളായ എങ്കക്കാട്, വടക്കാഞ്ചേരി, കുമരനെല്ലൂർ ദേശക്കാരുടെ സംയുക്ത യോഗം തീരുമാനിച്ചു. മാർച്ച് രണ്ടിനാണ് ഉത്രാളിക്കാവ് പൂരം, ഫെബ്രുവരി 23ന് പറപുറപ്പാട് നടക്കും, പൂര പിറ്റേന്ന് പുലർച്ചെ ആചാരപ്രകാരമുള്ള പൊങ്കലിടിൽ ചടങ്ങുകൾ കോമരത്തിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും.
മൂന്നു വീതം ആനകളെയാണ് മൂന്നു ദേശക്കാരും എഴുന്നെള്ളിക്കുക. പൂരം ദിവസം വൈകീട്ട് മൂന്നു ദേശക്കാരും ഭഗവതിയുടെ തിടമ്പേറ്റിയ ആനകളെ അണിനിരത്തി കൂട്ടി എഴുന്നെള്ളിപ്പും, ഭഗവതി പൂരത്തോടും എഴുന്നെള്ളിക്കും. ചേരനെല്ലൂർ ശങ്കരൻ മാരാരുടെ പ്രമാണത്തിൽ പാണ്ടിമേളവും അരങ്ങേറും. എങ്കക്കാട് ദേശം ഉത്രാളിക്കാവിൽ മൂന്ന് ആനകളെ അണിനിരത്തി പഞ്ചവാദ്യം തീർക്കും. മുല്ലയ്ക്കൽ ആലിൽ ചുവട്ടിൽ ആചാരപ്രകാരമുള്ള പറയെടുപ്പ് നടക്കും. കുമരനെല്ലൂർ ദേശം മൂന്ന് ആനകളെ അണിനിരത്തി നടപ്പുര പഞ്ചവാദ്യം തീർക്കും. വടക്കാഞ്ചേരി വിഭാഗം പതിവുപോലെ വടക്കാഞ്ചേരി ശിവക്ഷേത്രത്തിൽ നടപ്പുര പഞ്ചവാദ്യം തീർത്ത ശേഷം ഉത്രാളിക്കാവിലേക്ക് നീങ്ങും.
യോഗത്തിൽ ചീഫ് കോർ ഓർഡിനേറ്റർ എ.കെ. സതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. വിവിധ ദേശകമ്മിറ്റി പ്രതിനിധികളായ ടി.ജി അശോകൻ, എം.എസ്. നാരായണൻ, പി.ആർ. സുരേഷ് കുമാർ, വി.സുരേഷ് കുമാർ, കെ.പി. പ്രശാന്ത്, എ.പി. ജനാർദ്ദനൻ എന്നിവർ പങ്കെടുത്തു.