കൊടുങ്ങല്ലൂർ: നിർമ്മാണം പൂർത്തിയാക്കി വർഷം കഴിഞ്ഞിട്ടും സഞ്ചാരയോഗ്യമാക്കാൻ കഴിയാതെ അഴീക്കോട് ചുങ്കം പാലം. എറിയാട് പഞ്ചായത്തിലെ 16, 17, 18 വാർഡുകളിലൂടെ കടന്നുപോകുന്ന പെരുംതോടിന് കുറുകെയാണ് ചുങ്കം പുതിയ പാലം നിർമ്മിച്ചിട്ടുള്ളത്.
മന്ത്രി വി.എസ് സുനിൽകുമാർ സ്ഥലം എം.എൽ.എയായിരുന്ന അവസാന ഘട്ടത്തിലാണ് ആസ്തി വികസന ഫണ്ടിൽ നിന്ന് പുതിയ ചുങ്കം പാലം നിർമ്മാണത്തിന് തുക അനുവദിച്ചത്. പാലത്തിന്റെ ഇരുകരകളും സ്വകാര്യ വ്യക്തികളുടെ സ്ഥലമായിരുന്നുവെങ്കിലും അപ്രോച്ച് റോഡിനായി ഭൂവുടമകളും ആവശ്യമായ സ്ഥലം വിട്ടുനൽകിയിരുന്നു. ആദ്യം കരാർ ഏറ്റെടുത്ത വ്യക്തി പാലവും കിഴക്ക് ഭാഗത്തെ അപ്രോച്ച് റോഡും പണി പൂർത്തിയാക്കിയെങ്കിലും പിന്നീട് പടിഞ്ഞാറ് ഭാഗം കരാറേറ്റെടുത്ത ആൾക്ക് നിർമ്മാണ പ്രവർത്തനങ്ങൾ ഒന്നും ആരംഭിക്കാൻ പറ്റാത്ത സ്ഥിതിയായി.
നാട്ടുകാർ പുതിയ ആവശ്യവുമായി രംഗത്തു വന്നതാണ് നിർമ്മാണ പ്രവർത്തനം തടസ്സപ്പെടാൻ ഇടയാക്കിയത്. പടിഞ്ഞാറു ഭാഗത്തേക്കുള്ള അപ്രോച്ച് റോഡിന് ഒപ്പം തെക്കോട്ടും വടക്കോട്ടും തോടിന്റെ സൈഡ് ഉയർത്തി കെട്ടി അപ്രോച്ച് റോഡുകൾ നിർമ്മിക്കണമെന്നാണ് പരിസരവാസികളുടെ ആവശ്യം. ഇതാണ് നിർമ്മാണ പ്രവർത്തനം തടസ്സപ്പെടാൻ കാരണമെന്ന് പറയുന്നു.
എന്നാൽ സ്ഥലം നൽകുകയാണെങ്കിൽ പരിഗണിക്കാമെന്ന് അധികൃതർ സമീപവാസികളോട് വ്യക്തമാക്കിയിട്ടും ആരും സ്ഥലം കൊടുക്കുവാനും തയ്യാറായില്ല. അപ്രോച്ച് റോഡിന്റെ വടക്ക് ഭാഗത്തും തെക്കുഭാഗത്തും സഞ്ചാരത്തിന് സ്റ്റെപ്പ് കെട്ടി കൊടുക്കുവാൻ തയ്യാറാണെങ്കിലും പരിസരവാസികൾക്ക് ഇതും സ്വീകാര്യവുമല്ലാതായെന്നും പറയുന്നു. ഏതായാലും അപ്രോച്ച് റോഡ് നിർമ്മാണം ഉടൻ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ സമരത്തിനൊരുങ്ങുകയാണ്.