ചാലക്കുടി: ദേശീയ പാതയിൽ ചാലക്കുടി പാലത്തിൽ നിന്നും പുഴയിലേക്ക് വീണ കണ്ടെയ്‌നർ ലോറി പുറത്തെടുക്കുന്നതു സംബന്ധിച്ച് ചർച്ച ചെയ്യൽ യോഗം ബുധനാഴ്ചയും നടന്നില്ല. ഡിവൈ.എസ്.പി സി.ആർ.സന്തോഷിന്റെ അദ്ധ്യക്ഷതയിൽ കൂടാനിരുന്ന യോഗമാണ് മറ്റൊരു തിയതിയിലേക്ക് മാറ്റിയത്. ദുരന്ത നിവാരണ അതോറിറ്റി ഉദ്യോഗസ്ഥരുടെ അഭാവമാണ് യോഗം മാറ്റാനിടയാക്കിയത്. കണ്ടെയ്‌നർ പുഴയിൽ നിന്നും പൊക്കുന്നതു തീരുമാനിക്കാൻ മാത്രമായി പ്രത്യേക യോഗം വേണ്ടെന്നാണ് ഡിസാസ്റ്റർ മാനേജ്‌മെന്റിന്റെ അഭിപ്രായം. ഇതേതുടർന്ന് അവർ മറ്റു വിഷയങ്ങൾ ചർച്ച ചെയ്യുന്ന യോഗത്തിലേക്ക് ഇതും ഉൾപ്പെടുത്താൻ പൊലീസ് തീരുമാനിക്കുകയായിരുന്നു. രാത്രിയിലെ രക്ഷാ പ്രവർത്തനത്തിൽ മണിക്കൂറുകളോളം ഹൈവെയിലെ വാഹന ഗതാഗതം സ്തംഭിക്കുന്നതാണ് അധികൃതരെ അലട്ടുന്ന കാതലായ വിഷയം.