election

തൃശൂർ: നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉദ്ഘാടന മാമാങ്കവുമായി സർക്കാരും ജനകീയ വിഷയങ്ങൾ ഉയർത്തി പ്രതിപക്ഷവും സജീവമാകുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചടങ്ങുകളെന്ന് പ്രഖ്യാപനം ഉണ്ടെങ്കിലും പല സ്ഥലത്തും ഇതെല്ലാം കാറ്റിൽ പറത്തിയാണ് ഉദ്ഘാടനവും സമരപരിപാടികളും നടക്കുന്നത്. ജില്ലയിൽ നിരവധി പദ്ധതികൾക്കാണ് വരും ദിവസങ്ങളിൽ നടക്കുന്നത്. ഇന്ന് ജില്ലയിൽ ലൈഫിൽ വീട് പൂർത്തിയാക്കിയതിന്റെ ഉദ്ഘാടനം നടക്കുകയാണ്. എല്ലാ പഞ്ചായത്തുകളിലും ഇത്തരം പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. ഫെബ്രുവരി ആദ്യവാരം പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് തൃശൂർ മൃഗശാല മാറ്റുന്നതിന്റെ ഉദ്ഘാടനം നടക്കുന്നുണ്ട്.ചെറുതും വലുതുമായ നിരവധി പരിപാടികൾ ആണ് വരുന്ന രണ്ടാഴ്ചക്കുള്ളിൽ ആസൂത്രണം ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രി, മന്ത്രിമാർ ഉൾപ്പെടെ ഉള്ളവർ ആണ് ഉദ്ഘാടന ചടങ്ങുകൾക്ക് എത്തുന്നത്.

ഉണർന്ന് പ്രതിപക്ഷ സംഘടനകളും

ജന മനസുകളിൽ ഇടം നേടാൻ പ്രാദേശിക വിഷയങ്ങൾ ഉയർത്തി പ്രതിപക്ഷ സംഘടനകളും തൊഴിലാളി സംഘടനകളും സമര രംഗത്ത് സജീവമായി കഴിഞ്ഞു. സർവീസ് സംഘടനകളും കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ ധർണകളും മറ്റും സംഘടിപ്പിക്കുന്നുണ്ട്. കേന്ദ്ര സർക്കാരിന്റെ കാർഷിക നയത്തിനെതിരെ ജില്ലയിൽ ബി.ജെ.പി ഒഴികെയുള്ള പ്രസ്ഥാനങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ വലിയ പ്രതിഷേധമാണ് ഉയർത്തിയത്. ഭരണ നേട്ടങ്ങൾ ഉയർത്തി എൽ.ഡി.എഫിന്റെ മേഖല ജാഥയുടെ സമാപനം അടുത്ത ആഴ്ചയിൽ തൃശൂരിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്‌ കെ. സുരേന്ദ്രൻ എന്നിവരുടെ കേരള യാത്രകളും രണ്ടാഴ്ച്ചക്കുള്ളിൽ ജില്ലയിൽ എത്തും. കൊവിഡ് കണക്കുകൾ സെപ്തംബർ, ഒക്ടോബർ മാസങ്ങളിൽ റിപ്പോർട്ട്‌ ചെയ്ത പോലെ ജനുവരിയിലും കുറവില്ലാതെ മുന്നോട്ട് പോകുമ്പോഴാണ് തെരുവുകളിൽ ആൾക്കൂട്ടം പെരുകുന്നത്.