karnan
കർണൻ

തൃശൂർ: വാരണാശേരിയിൽ നിന്ന് പൂരങ്ങളുടെ നാടായ തൃശൂരിൽ ആദ്യമായി കാലുകുത്തുകയും പിന്നീട് പാലക്കാടിന്റെ മണ്ണിലേക്ക് പോയെങ്കിലും ഉത്സവപ്പറമ്പുകളിലെ കരിവീരച്ചന്തമായ മംഗലാംകുന്ന് കർണന് ആരാധകർ ഏറെയായിരുന്നു. ജില്ലയിൽ ഏത് ഉത്സവപ്പറമ്പുകളിൽ എത്തിയാലും ഫാൻസുകാർ അവിടെ ഓടിയെത്തും. ആ തലപ്പൊക്കം കണ്ട് ആരവങ്ങൾ മുഴക്കാനും ആനയോളൊപ്പം തന്നെ തലയുയർത്തി അവരുമുണ്ടാകും.

ഉത്സവം കഴിഞ്ഞ് തിരിച്ച് ആനത്തറവാട്ടിലേക്ക് മടങ്ങിപ്പോയതിന് ശേഷം മാത്രമെ പലരും മടങ്ങാറുള്ളൂ. കർണന്റെ പേരിൽ ഫേസ് ബുക്ക് പേജും വാട്‌സാപ്പ് കൂട്ടായ്മയുമുണ്ട്. കർണൻ ചരിഞ്ഞ വാർത്ത അറിഞ്ഞതോടെ ഗ്രൂപ്പുകളിൽ പ്രമാണങ്ങൾ നിറഞ്ഞു. ജില്ലയിലെ ചെറുതും വലുതുമായ ഭൂരിഭാഗം ഉത്സവങ്ങളിലും നിറസാന്നിദ്ധ്യമായിരുന്ന കർണൻ. പതിനായിരക്കണക്കിന് രൂപ ഏക്കം നൽകിയാണ് പല ഉത്സവക്കമ്മിറ്റിക്കാരും കർണനെ തങ്ങളുടെ തട്ടകങ്ങളിൽ എത്തിച്ചിരുന്നത്.

പുരുഷാരത്തിന്റെ പൂരമായ തൃശൂർ പൂരം, ഉത്രാളിക്കാവ് പൂരം, അഞ്ഞൂർ പാർക്കാടി പൂരം , പെരിങ്ങോട്ടുകര സോമശേഖര ക്ഷേത്രം, അമ്പതിലേറെ ആനകൾ അണിനിരക്കുന്ന ചെമ്പൂത്ര കൊടുങ്ങല്ലൂർക്കാവ് പൂരം എന്നിവയിലെല്ലാം തന്നെ കർണന്റെ പ്രതാപം നിറഞ്ഞു നിന്നിരുന്നു. ഒരു കാലത്ത് ഏറെ ആനകൾ ഉണ്ടായിരുന്ന തൃശൂരിലെ നാണു എഴുത്തച്ഛൻ കൃഷ്ണകുമാറാണ് കർണനെന്ന കൊമ്പനെ പൂരങ്ങളുടെ നാട്ടിലെത്തിച്ചത്. ഒടുവിൽ മംഗലാംകുന്ന് തറവാട്ടിലേക്കും യാത്രയായെങ്കിലും തൃശൂരിലെ ആനപ്രേമികൾ എന്നും കർണനൊപ്പം ഉണ്ടായിരുന്നു.

കർണന്റെ തലപ്പൊക്കം പ്രശസ്തമായിരുന്നു. ഒരു ആനയുടെ ഏറ്റവും പ്രധാന ലക്ഷണമായ തലയെടുപ്പ് അഥവാ നിലവ് എന്നത് കർണനിൽ പൂർണ്ണമാണ്. ചട്ടക്കാരുടെ നിർദ്ദേശമോ സമ്മർദ്ദമോ ഇല്ലാതെ തന്നെ തിടമ്പ് ശിരസിലേറ്റിയാൽ ആ തലപ്പൊക്കം ആവേശം വിതറും. ഇരിക്കസ്ഥാനത്തുനിന്ന് നോക്കുമ്പോൾ 302 സെന്റീമീറ്ററാണ് ഉയരം. മദപ്പാടുകാലത്ത് പോലും തികഞ്ഞ ശാന്തസ്വാഭാവിയാണ്. ആന പാപ്പാൻമാരുടെ കൈയിൽനിന്ന് കഴിവതും അടിവാങ്ങിക്കാതെ തന്നെ കാര്യങ്ങൾ കഴിക്കും.