തൃശൂർ: സാധാരണ പാസഞ്ചർ, മെമു ട്രെയിനുകൾ ഇനിയും ഓടിത്തുടങ്ങാത്തതിനാൽ കേരളത്തിനകത്ത് മുൻകൂട്ടി ടിക്കറ്റുകൾ റിസർവ് ചെയ്ത് യാത്ര ചെയ്യുന്നവരുടെ എണ്ണത്തിൽ വലിയ വർദ്ധനവ്. തൃശൂരിലെ റിസർവേഷൻ കേന്ദ്രത്തിൽ നിന്നും ഇപ്പോൾ പ്രതിദിനം 650 മുതൽ 700 ടിക്കറ്റുകൾ റിസർവ് ചെയ്യുന്നുണ്ട്. അതിൽ 400 മുതൽ 500 ടിക്കറ്റുകളും കേരളത്തിനകത്തെ യാത്രയ്ക്കുള്ളവയാണ്.
തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, മംഗലാപുരം തുടങ്ങിയ ഇടങ്ങളിലേക്കാണ് അധികം ടിക്കറ്റുകളും. അതിൽ എറണാകുളത്തേക്കും കോഴിക്കോട്ടേക്കും സ്ഥിരം യാത്രക്കാരാണ് കൂടുതൽ. മുമ്പ് സാധാരണ പാസഞ്ചർ, മെമു വണ്ടികളെ ആശ്രയിച്ചിരുന്ന സ്ഥിരം യാത്രക്കാർ ഇപ്പോൾ ടിക്കറ്റുകൾ മുൻകൂർ ബുക്ക് ചെയ്താണ് യാത്ര ചെയ്യുന്നത്.
എറണാകുളം - കണ്ണൂർ ഇന്റർസിറ്റി എക്‌സ്പ്രസ് ഉള്ളതിനാൽ വടക്കോട്ടുള്ള സ്ഥിരം യാത്രികർക്ക് ബുദ്ധിമുട്ടില്ലാതെ ടിക്കറ്റുകൾ കിട്ടുന്നുണ്ട്. എന്നാൽ ഹ്രസ്വദൂര വണ്ടികളൊന്നും ഇല്ലാത്തതിനാൽ ബംഗളൂരു - കന്യാകുമാരി, ചെന്നൈ - ആലപ്പുഴ എക്‌സ്പ്രസുകളിൽ എറണാകുളത്തേക്ക് പോകുന്നവരാണ് ദുരിതത്തിലായിരിക്കുന്നത്. ദീർഘദൂര വണ്ടികളായതിനാൽ ഇവയിൽ രണ്ടാം ക്ലാസ് സീറ്റുകൾ കുറവാണ്. എറണാകുളത്തേക്കുള്ള യാത്രക്കാരുടെ എണ്ണമാകട്ടെ കൂടുതലും.
സംസ്ഥാനത്ത് നിന്ന് കൂടുതൽ പേർ എത്തുന്നു
ട്രെയിനുകളിൽ സംസ്ഥാനത്തിന് പുറത്തുനിന്നുമുള്ള യാത്രക്കാർ ഏതാനും ദിവസങ്ങളായി കൂടിവരികയാണ്. അതിനാൽ ഇപ്പോൾ കന്യാകുമാരി, ആലപ്പുഴ എക്‌സ്പ്രസുകളിൽ സീറ്റ് ഉറപ്പാക്കണമെങ്കിൽ മൂന്നോ നാലോ ആഴ്ചകൾക്ക് മുമ്പെങ്കിലും ബുക്ക് ചെയ്യേണ്ട സ്ഥിതിയാണ്. സ്ഥിരം യാത്രക്കാർക്ക് രാവിലെയും വൈകീട്ടും ഇന്റർസിറ്റി പോലുള്ള ഒരൊറ്റ ഹ്രസ്വദൂര ട്രെയിനുമില്ലാത്ത ഏക മേഖലയാണ് തൃശൂർ, എറണാകുളം എന്ന് യാത്രക്കാർ പറയുന്നു. സ്ഥിരം യാത്രക്കാർ കൂടുതലുള്ള ഈ മേഖലയിൽ നിലവിൽ രണ്ട് ദീർഘദൂര ട്രെയിനുകളെ മാത്രം ആശ്രയിക്കേണ്ടിവരുന്നത് യാത്രക്കാർക്ക് ടിക്കറ്റ് കിട്ടാൻ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
ഷൊർണൂരിൽ നിന്നോ ഗുരുവായൂരിൽ നിന്നോ എറണാകുളത്തേക്ക് ഒരു പ്രതിദിന ട്രെയിൻ ഓടിച്ചെങ്കിൽ മാത്രമേ ഈ പ്രശ്‌നത്തിന് പരിഹാരമാകൂ. യാത്രികരുണ്ട് സീറ്റില്ല എന്നതാണ് ഇപ്പോഴത്തെ അവസ്ഥ.- റെയിൽവേ പാസഞ്ചേഴ്‌സ് അസോസിയേഷൻ