kuthiran
കുതിരാൻ തുരങ്കം

തൃശൂർ: ഹൈക്കോടതിയുടെ രൂക്ഷ വിമർശനത്തിന് പിന്നാലെ ദേശീയപാത കുതിരാനിൽ റോഡ് സുരക്ഷാ അതോറിറ്റി ഉദ്യോഗസ്ഥർ പരിശോധന നടത്തി. ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരമാണ് പരിശോധന. വർഷങ്ങളായിട്ടും നിർമ്മാണം പൂർത്തീകരിക്കാത്തതും നിർമ്മാണത്തിൽ അശാസ്ത്രീയതയുണ്ടെന്നുമുള്ല പരാതിയിൽ കഴിഞ്ഞ ദിവസം കോടതി ദേശീയ പാത അതോറിറ്റിയെ രൂക്ഷമായി വിമർശിച്ചിരുന്നു. ഭരണപ്രതിപക്ഷ കക്ഷികളുടെ സമരങ്ങളും പ്രതിഷേധങ്ങളുമാണ് നിർമ്മാണം വൈകാനിടയാക്കിയതെന്ന ദേശീയപാത അതോറിറ്റിയുടെയും കരാറുകാരുടെയും ആരോപണത്തെ കോടതി പൊട്ടിത്തെറിച്ചായിരുന്നു വിമർശിച്ചത്. എന്താണ് അവിടെ ചെയ്യുന്നതെന്നത് അടക്കമുള്ള രൂക്ഷ ചോദ്യങ്ങൾ ചോദിച്ച കോടതി നിർമ്മാണം സംബന്ധിച്ച് വിദഗ്ദ്ധ സംഘം പരിശോധിച്ച് പത്ത് ദിവസത്തിനകം റിപ്പോർട്ട് നൽകാനും ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് റോഡ് സുരക്ഷാ അതോറിറ്റിയുടെ പരിശോധന നടന്നത്.

റോഡ് സുരക്ഷ ഉറപ്പാക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് കളക്ടർ എസ്. ഷാനവാസ്. റോഡ് സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി നടത്തിയ പാർലമെന്ററി റോഡ് സുരക്ഷാസമിതി യോഗത്തിലാണ് കളക്ടർ ഇക്കാര്യം വ്യക്തമാക്കിയത്. ദേശീയ പാതയിലും സാധാരണ റോഡിലുമെല്ലാം അപകടങ്ങൾ വർദ്ധിക്കുന്ന സാഹചര്യങ്ങൾ മോട്ടോർ വാഹന വകുപ്പ് ഗൗരവമായെടുക്കണം. രാത്രികാലങ്ങളിൽ നഗരത്തിലടക്കം സൈലൻസർ പോലും ഇല്ലാത്ത ഇരുചക്രവാഹനങ്ങൾ അമിത വേഗത്തിൽ ഓടിച്ച് അപകടമുണ്ടാക്കുന്നുണ്ട്. ഒരാഴ്ചക്കകം ഇതിനെതിരെ നടപടിയെടുണമെന്ന് ബന്ധപ്പെട്ടവരോട് കളക്ടർ നിർദ്ദേശിച്ചു.ചാലക്കുടി അടിപ്പാതയുടെ നിർമാണം വേഗത്തിലാക്കാനും നടപടിയെടുക്കും. പാലിയേക്കര ടോൾ പ്ലാസയിൽ ഫ്രീ പാസ് സംവിധാനം നടപ്പിലാക്കുന്ന പ്രവർത്തനങ്ങൾ ഊർജിതമാക്കുമെന്നും കളക്ടർ അറിയിച്ചു.

റോഡുകളിൽ കാഴ്ച മറയ്ക്കുന്ന ബോർഡുകൾ നീക്കം ചെയ്യും. കുതിരാൻ ദേശീയ പാതയിൽ മോട്ടോർ വാഹന വകുപ്പിനൊപ്പം പൊലീസിന്റെയും ശ്രദ്ധ വേണം. അതിരപ്പിളളി മേഖലയിൽ വന്യമൃഗങ്ങൾ ഇറങ്ങി നിരവധി അപകടങ്ങളാണ് വാഹന യാത്രക്കാർക്കുണ്ടായിട്ടുള്ളത്. ഇത് വനം വകുപ്പുദ്യോഗസ്ഥരുമായി ചർച്ച ചെയ്ത് പരിഹരിക്കാനും നിർദ്ദേശിച്ചു.