കൊടുങ്ങല്ലൂർ: മാർബിൾ പീസുകൾ കൊണ്ട് ഫുജൈറ രാജാവിന്റെ ചിത്രം തീർത്ത് വീണ്ടും ശ്രദ്ധേയനാകുകയാണ് ഡാവിഞ്ചി സുരേഷ്. യു.എ.ഇ ഫുജൈറയിൽ അൽ ഹമൂദി എന്ന സ്ഥാപനം നടത്തുന്ന ചളിങ്ങാട് സ്വദേശിയായ അബ്ദുൾ ഖാദറിന്റെ നേതൃത്വത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നും ശേഖരിച്ച മാർബിളുകൾ ഉപയോഗിച്ചാണ് ചിത്രം തയ്യാറാക്കിയത്. 100 മീഡിയങ്ങളിൽ ചിത്രങ്ങളും ശിൽപങ്ങളും തീർക്കുന്ന ഡാവിഞ്ചി സുരേഷിന്റെ അറുപത്തിയേഴാമത്തെ മീഡിയമാണ് മാർബിൾ. ഫുജൈറ രാജാവായ ഹിസ് ഹൈനസ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖിയുടെ ചിത്രം തീർക്കുന്നതിനായി അബ്ദുൾ ഖാദർ സുരേഷിനെ യു.എ.ഇലേക്ക് എത്തിക്കുകയായിരുന്നു.
10 അടി വീതിയും 14 അടി നീളവുമുള്ള പ്ലൈവുഡ് ബോർഡിൽ സിലിക്കോൺ ഉപയോഗിച്ച് മാർബിൾ പീസുകൾ ഒട്ടിച്ച് ചേർത്ത് ഒരാഴ്ച സമയമെടുത്താണ് ചിത്രം നിർമ്മിച്ചത്. ഇന്ത്യ, യു.എ.ഇ, ഒമാൻ, ഇറ്റലി, തുർക്കി, സ്പെയ്ൻ, ഇറാൻ, ജോർദാൻ, ഈജിപ്ത്ത്, സിറിയ, ചൈന, പാക്കിസ്ഥാൻ, വിയറ്റ്‌നാം, ഇന്തോനേഷ്യ തുടങ്ങിയ പതിനാല് രാജ്യങ്ങളിൽ നിന്ന് കൊണ്ടുവന്ന മാർബിളുകളാണ് ചിത്രത്തിനായി ഉപയോഗിച്ചത്. ഒറ്റ നോട്ടത്തിൽ പെയിന്റിംഗ് പോലെ തോന്നുമെങ്കിലും ബ്രഷോ പെയിന്റോ ഉപയോഗിക്കാതെയാണ് ചിത്രം നിർമ്മിച്ചത്.