ചാവക്കാട്: നാലകത്ത് ചാന്തിപുറത്ത് ഹൈദ്രോസ് കുട്ടി മൂപ്പരുടെ മണത്തല ചന്ദനക്കുടം നേർച്ചയിലെ പ്രധാന കാഴ്ച്ചയായ താബൂത്ത് കാഴ്ച്ചക്ക് ആയിരങ്ങളെത്തി. ഇന്ന് രാവിലെ ചാവക്കാട് പഴയപാലത്തിന് സമീപത്ത് നിന്നാണ് പഴയപാലം കൂട്ടായ്മ്മയുടെ താബൂത്ത് കാഴ്ച്ച പുറപ്പെട്ടത്. ടിപ്പുവിന്റെ സൈന്യവുമായി ഏറ്റുമുട്ടി ധീരരക്തസാക്ഷിത്വം വഹിച്ച തന്റെ പടനായകന് സാമൂതിരി നൽകിയ വീരോചിതമായ കബറടക്കം അനുസ്മരിപ്പിച്ച് മുട്ടുംവിളി, കോൽക്കളി, അറബനമുട്ട് തുടങ്ങിയ വാദ്യമേളങ്ങളോടെ പുറപ്പെട്ട താബൂത്ത് കാഴ്ച്ച ചാവക്കാട് നഗരം ചുറ്റി 11 മണിയോടെ ജാറത്തിൽ എത്തി. തുടർന്ന് ഹൈദ്രോസ് കുട്ടി മൂപ്പരുടെ കബറിന് മുകളിൽ താബൂത്ത് സ്ഥാപിച്ചു. തുടർന്ന് പാരമ്പര്യാവകാശികളായ ബ്ലാങ്ങാട് കറുത്ത കുടുംബാംഗങ്ങൾ താണി മരങ്ങളിൽ കയറി മരപ്പൊത്തുകളിൽ മുട്ടയും പാലും നിക്ഷേപിച്ചു.15 ദിവസത്തെ വ്രതത്തിന് ശേഷമാണ് ഇവർ ഈ കർമ്മം നിർവഹിക്കുന്നത്.
ബ്ലാങ്ങാട് നിന്നുള്ള കൊടിയേറ്റ കാഴ്ച പതിനൊന്ന് മണിക്ക് തന്നെ പള്ളിയങ്കണത്തിൽ എത്തി കൊടിയേറ്റി. ചാവക്കാട് ടൗൺ, തിരുവത്ര പുത്തൻകടപ്പുറം എന്നിവിടങ്ങളിൽ നിന്നുള്ള കൊടിയേറ്റ കാഴ്ച്ചകൾ വൈകീട്ട് അഞ്ചുമണിയോടെ ജാറം അങ്കണത്തിൽ എത്തിച്ചേർന്നതോടെ ചന്ദന്ദനക്കുടം നേർച്ചക്ക് സമാപനമായി. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് ചടങ്ങ് കാഴ്ച്ചകൾ മാത്രമാണ് ഈ വർഷം നടന്നത്. ചാവക്കാട് എസ്.എച്ച്.ഒ അനിൽകുമാർ ടി.മേപ്പിള്ളി, എസ്.ഐമാരായ യു.കെ. ഷാജഹാൻ, കെ.പി. ആനന്ദ് എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹവും സ്ഥലത്തുണ്ടായിരുന്നു. മണത്തല ജുമാഅത്ത് കമ്മിറ്റി പ്രസിഡന്റ് പി.എസ്. ഷാഹു, സെക്രട്ടറി എ.വി. അഷ്‌റഫ്, ഖജാൻജി ഷെഹീർ തെക്കഞ്ചേരി, കുഞ്ഞുമുഹമ്മദ് മണത്തല, സുനിൽ മണത്തല, മൊയ്തീൻ ഷാ തുടങ്ങിയവർ നേതൃത്വം നൽകി.