1
പന്നിക്കൂട്ടം നശിപ്പിച്ച നെൽപ്പാടം

വടക്കാഞ്ചേരി: കൂട്ടത്തോടെ കാടിറങ്ങി പന്നിക്കൂട്ടം കൃഷിയിടങ്ങൾ തകർത്തെറിയുന്നത് പതിവാകുമ്പോൾ പ്രതിസന്ധിയുടെ ആഴം കണ്ട് കർഷകർ. പാർളിക്കാട് പട്ടിച്ചിറക്കാവ് പാടശേഖരത്തെ 38 ഏക്കറിൽ നെൽക്കൃഷിയിറക്കിയ 40 ഓളം കർഷകരാണ് കൊടിയ ദുരിതം നേരിടുന്നത്. കൊയ്‌തെടുക്കാൻ തയ്യാറായ നെൽക്കതിരുകൾ ഭൂരിഭാഗവും അനുദിനം പന്നിക്കൂട്ടം ഇളക്കി മറിക്കുകയാണ്.

വന്യമൃഗങ്ങളെയകറ്റാൻ വേലി കെട്ടിയും കോലങ്ങൾ വച്ചുമൊക്കെ പരിശ്രമിച്ചെങ്കിലും അതെല്ലാം തരണം ചെയ്താണ് വനപ്രദേശങ്ങളിൽ നിന്നെത്തുന്ന ഇവ പാടശേഖരങ്ങളിൽ ഇറങ്ങി നാശനഷ്ടം വിതക്കുന്നത്. പരമ്പരാഗതമായി നെൽക്കൃഷി ചെയ്യുന്ന പല കർഷകരുടേയും ഉപജീവനമാർഗവും ഇതോടെ ചോദ്യചിഹ്നമാകുകയാണ്. വായ്പയെടുത്തും കടം വാങ്ങിയും കൃഷിയിറക്കിയ നിരവധി കർഷകർ ആശങ്കയുടെ നിഴലിലാണ്.

ഫെബ്രുവരി ആദ്യവാരത്തോടെ കൊയ്‌തെടുക്കേണ്ട നെല്ലാണ് അനുദിനം പന്നികൾ നശിപ്പിച്ചു വരുന്നത്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ പാടശേഖരങ്ങളിൽ വന്യ ജീവികളുടെ അതിക്രമം അസഹനീയമാണെന്ന് പാടശേഖര സമിതി അംഗങ്ങൾ പറയുന്നു. വനം കൃഷി വകുപ്പ് അധികൃതരെയൊക്കെ പരാതിയറിയിച്ചതായി പാടശേഖര സമിതി സെക്രട്ടറി രവീന്ദ്രനും, പ്രസിഡന്റ് പരമേശ്വരനും പറഞ്ഞു.

................................

പ്രതിരോധം തീർക്കാൻ പാടശേഖരങ്ങളുടെ നടുഭാഗത്തും അതിരുകളിലും മറ്റും വലിയ ഗർത്തങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. എന്നാൽ വലിയ പ്രയോജനമൊന്നുമില്ല. പ്രദേശത്തെ പാടശേഖരങ്ങളിലും മറ്റ് കൃഷിയിടങ്ങളിലുമൊക്കെ പന്നി, മലയണ്ണാൻ, മയിൽ എന്നിവയുടെ ശല്യവും തുടരുകയാണ്. ഈ നില തുടർന്നാൽ കാർഷിക വൃത്തി ഉപേക്ഷിക്കേണ്ട സാഹചര്യമാണുള്ളത്.

- കർഷകർ

പന്നിക്കൂട്ടം നശിപ്പിച്ച നെൽപ്പാടം