തൃശൂർ: രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ച ഇന്നേയ്ക്ക് ഒരു വർഷം പൂർത്തിയാകുമ്പോഴും, വുഹാനിലെ മെഡിക്കൽ കോളേജിലെത്തി ഉടനെ പഠിക്കാൻ കഴിയണേ എന്ന പ്രാർത്ഥന തുടരുകയാണ് ആദ്യം കൊവിഡ് സ്ഥിരീകരിച്ച വിദ്യാർത്ഥിനി. മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളേജിനടുത്തുള്ള ഹോസ്റ്റലിൽ ഓൺലൈനിൽ പഠനം തുടരുമ്പോഴും മനസിലെപ്പോഴുമുണ്ട്, ആ ആഗ്രഹം.
അടുത്തുള്ള ലൈബ്രറിയിൽ നിന്ന് മെഡിക്കൽ പുസ്തകങ്ങൾ എടുത്ത് പഠനം. കാൻ്റീനിൽ നിന്ന് ഭക്ഷണം. മാസത്തിൽ ഒന്നോ രണ്ടോ തവണ മതിലകത്തുള്ള വീട്ടിലേയ്ക്കൊരു യാത്ര. കുടുംബാംഗങ്ങളോടൊപ്പം രണ്ടു ദിവസം ചെലവിട്ട് തിരികെ വീണ്ടും പഠനകേന്ദ്രത്തിലേക്ക്. അങ്ങനെ കടന്നുപോകുന്നു, ഒരാണ്ട്. തിയറി ക്ളാസുകൾ മാത്രമാണ് ഓൺലൈനിൽ നടക്കുന്നത്. നാല് വർഷത്തെ പരീക്ഷകൾ കഴിഞ്ഞെങ്കിലും പ്രാക്ടിക്കൽ ക്ളാസുകൾ ഏറെയുണ്ട് ബാക്കി.
രോഗം സ്ഥിരീകരിച്ച ശേഷം, തൃശൂർ ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലുമായിരുന്നു ചികിത്സ. ഫെബ്രുവരി 20 ന് ആശുപത്രി വിട്ടു. കാര്യമായ രോഗലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ല. വീട്ടിലാർക്കും രോഗം ബാധിച്ചിരുന്നില്ലെങ്കിലും അവർ ക്വാറൻ്റൈനിലായിരുന്നു. രണ്ട് വർഷത്തിനുള്ളിൽ പഠനവും ഹൗസ് സർജൻസിയും പൂർത്തിയാക്കി മകൾ ഡോക്ടറാവുന്നതും കാത്തിരിക്കുകയാണ് മാതാപിതാക്കൾ, രണ്ട് സഹോദരന്മാരും.
ആ നാളുകളെക്കുറിച്ച് വിദ്യാർത്ഥിനി
" വുഹാനിൽ നിന്ന് യാത്ര തിരിക്കുമ്പോൾ ഇന്ത്യാ ഗവണ്മെന്റിന്റെ നിർദ്ദേശങ്ങൾ ചൈനയിലെ ഇന്ത്യൻ എംബസി നൽകിയിരുന്നു. 28 ദിവസം ക്വാറൻ്റൈൻ വേണമെന്ന് നിർദ്ദേശമുണ്ടായിരുന്നു. ജനുവരി 23ന് യാത്ര തിരിച്ചു. 24ന് വീട്ടിലെത്തി 25ന് ആരോഗ്യവകുപ്പിൽ റിപ്പോർട്ട് ചെയ്തു. അന്ന് മുതൽ ഹെൽത്ത് ഇൻസ്‌പെക്ടർ രണ്ട് നേരവും വിളിക്കും. സർക്കാരിന്റെ എല്ലാ നിർദ്ദേശങ്ങളും പാലിച്ചാണ് വീട്ടിൽ നിരീക്ഷണത്തിലിരുന്നത്.
കൊവിഡ് പൊസിറ്റീവായി എന്നറിഞ്ഞ ശേഷം ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറാണ് ആദ്യം വിളിച്ചത്. ജില്ലാ കളക്ടർ എസ്. ഷാനവാസും കൂടെ നിന്നു. മികച്ച ചികിത്സയാണ് സർക്കാർ ഒരുക്കിയത്. ഫലം വന്ന ദിവസം ജനറൽ ആശുപത്രിയിലായിരുന്നു. മെച്ചപ്പെട്ട ചികിത്സയ്ക്ക് ജനുവരി 31 ന് ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഡോക്ടർമാർ, നഴ്‌സുമാർ, ശുചീകരണ തൊഴിലാളികൾ എന്നിവരെല്ലാം ഏറെ സ്‌നേഹത്തോടെ പെരുമാറി. അവർക്കാർക്കും ചെറിയ പേടി പോലുമുണ്ടായിരുന്നില്ല എന്നത് അത്ഭുതപ്പെടുത്തി. എപ്പോൾ വിളിച്ചാലും മടി കൂടാതെ ഓടിയെത്തി. വിചാരിക്കാത്ത അത്രയും മനുഷ്യർ ചുറ്റിലും നിന്നു. രോഗത്തിൽ നിന്ന് രക്ഷപ്പെടും എന്ന വിശ്വാസമുണ്ടായിരുന്നു. പക്ഷേ, കൂടെ യാത്ര ചെയ്ത കൂട്ടുകാർ, കുടുംബം അവർക്കാർക്കെങ്കിലും പകർന്നു കാണുമോ എന്നതായിരുന്നു ആശങ്ക. എന്തായാലും സാമൂഹിക അകലം, സാനിറ്റൈസർ ഉപയോഗം, മാസ്‌ക് ധരിക്കുക ഇവ ശരിയായ രീതിയിൽ പാലിച്ചാൽ രോഗം തടയാൻ സാധിക്കുമെന്ന് ആത്മവിശ്വാസത്തോടെ പറയാനാകും."
(രോഗം സ്ഥിരീകരിച്ച് ആറ് മാസങ്ങൾക്കു ശേഷം ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിനോട് പറഞ്ഞത്)