malayoram

തൃശൂർ: വർഷങ്ങളായി മലയോര മേഖലയിൽ കഴിയുന്നവർക്ക് പട്ടയം ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കുടിയേറ്റ കർഷകർ പ്രക്ഷോഭത്തിനൊരുങ്ങുന്നു. 1977 ന് മുമ്പ് കുടിയേറിയ മലയോര കർഷകർക്ക് പട്ടയം നൽകണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി 5, 6 തീയതികളിൽ ഒല്ലൂർ മണ്ഡലത്തിൽ മലയോര കുടിയേറ്റ ജാഥ നടത്താനാണ് മലയോര സംരക്ഷണ സമിതിയുടെ തീരുമാനം.

ഉചിതമായ നടപടികളുണ്ടാകാത്ത പക്ഷം കളക്ടറേറ്റ് വളഞ്ഞ് സമരം നടത്താനും പദ്ധതിയുണ്ട്. കാലങ്ങളായി മാറി മാറി വരുന്ന സർക്കാരുകൾ കുടിയേറ്റ കർഷകരെ പറഞ്ഞ് പറ്റിക്കുകയാണെന്ന് മലയോര സംരക്ഷണ സമിതി ചൂണ്ടിക്കാട്ടുന്നു. 1977 ന് മുമ്പ് കുടിയേറിയ കർഷകർക്ക് പട്ടയം കൊടുക്കുന്നതിന് നിയമ തടസങ്ങളൊന്നുമില്ലെന്നും മുട്ടുന്യായങ്ങൾ പറഞ്ഞ് രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും വഞ്ചിക്കുകയാണെന്നുമാണ് മലയോര കർഷകരുടെ ആരോപണം. 80 ഉം 90 ഉം കൊല്ലങ്ങളായി കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നും തൃശൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രത്യേകിച്ച് ഒല്ലൂർ മണ്ഡലത്തിൽ താമസിക്കുന്നവർക്കാണ് പട്ടയം ലഭ്യമാകാത്തത്.

ആകെ നൽകിയത് നാമമാത്ര പട്ടയങ്ങൾ

1977 ന് മുമ്പ് കുടിയേറി താമസിച്ചവർക്ക് ഇതുവരെ ആകെ അനുവദിച്ചത് 350 പട്ടയങ്ങളാണ്. 35 ഓളം കുടുംബങ്ങൾക്കാണ് പത്തും ഇരുപതും സെന്റ് വീതം പട്ടയമായി അനുവദിച്ചത്. വീടുകൾ നിൽക്കാനുള്ള സ്ഥലം മാത്രമാണ് അവർക്ക് പട്ടയമായി ലഭിച്ചത്. 2019 ആഗസ്റ്റിൽ തൃശൂർ കളക്ടറേറ്റിൽ നടന്ന ചർച്ചയിൽ 2019 ഡിസംബറിന് മുമ്പ് മുഴുവനാളുകൾക്കും പട്ടയം നൽകുമെന്ന് ധാരണയായിരുന്നെങ്കിലും അതൊന്നും പാലിക്കപ്പെട്ടില്ല.

കേന്ദ്രാനുമതിയില്ലെന്നത് അവാസ്തവം

തൃശൂർ ജില്ലയിൽ 2726.3877 ഹെക്ടർ വനഭൂമിയ്ക്ക് പട്ടയം അനുവദിക്കാനുള്ള കേന്ദ്രാനുമതി ലഭിച്ചിട്ടുണ്ട്. എന്നാൽ ആകെ 1281.68867 ഹെക്ടർ വനഭൂമിയ്ക്ക് മാത്രമാണ് ഇതുവരെ പട്ടയം അനുവദിച്ച് നൽകിയത്.

മലയോര കർഷകരുടെ ആവശ്യങ്ങൾ

പട്ടയം നൽകാനാവശ്യമായ ഉദ്യോഗസ്ഥരെ കേന്ദ്ര - കേരള സർക്കാരുകൾ നിയമിക്കണം. ജെ.വി.ആർ മരംമുറിയും കഴിഞ്ഞ് മരവിലയും തറവിലയും അടച്ച് കാത്തിരിക്കുന്ന ആയിരക്കണക്കിന് കൃഷിക്കാർക്ക് പട്ടയം നൽകണം. യഥാർത്ഥ കുടിയേറ്റ കർഷകർക്ക് പട്ടയം നൽകണം.

പട്ടയ വിതരണം വേഗം പൂർത്തിയാക്കണമെന്ന് മന്ത്രി സുനിൽകുമാർ

പട്ടയം സംബന്ധമായ അപേക്ഷകളിൽ നടപടിക്രമം പാലിച്ച് അടിയന്തരമായി നടപടിയെടുക്കാൻ മന്ത്രി വി.എസ് സുനിൽ കുമാറിൻ്റെ നിർദ്ദേശം. റവന്യൂ വിഭാഗത്തിന് നേരിട്ട് നൽകാൻ കഴിയുന്ന പട്ടയങ്ങൾ പട്ടയമേളയ്ക്ക് മുമ്പ് നൽകാം. കോർപറേഷനുമായി ബന്ധപ്പെട്ട് പുനർ നിക്ഷിപ്തമായി കിട്ടേണ്ട അപേക്ഷകൾ സർക്കാരിലേക്ക് അയച്ചിട്ടുണ്ട്. ഇവയും തിരികെ ലഭ്യമാകുന്ന മുറയ്ക്ക് പട്ടയമേളയിൽ ഉൾപ്പെടുത്തും.