തൃശൂർ: ഇന്നേയ്ക്ക് ഒരാണ്ട് പിന്നിടുകയാണ്, കൊവിഡിനെതിരെ രാജ്യത്തിൻ്റെ പോരാട്ടത്തിനും കേരളത്തിൻ്റെ പ്രതിരോധത്തിനും തൃശൂരിൻ്റെ കരുതലിനുമെല്ലാം. കഴിഞ്ഞവർഷം ജനുവരി 30 ന് രാജ്യത്ത് ആദ്യമായി തൃശൂരിൽ കൊവിഡ് സ്ഥിരീകരിച്ചപ്പോൾ, കേന്ദ്ര-സംസ്ഥാനസർക്കാരുകളും ആരോഗ്യവകുപ്പുമെല്ലാം തൃശൂരിലേയ്ക്ക് കണ്ണുപായിച്ചു. രാജ്യത്തിൻ്റെ തന്നെ കൊവിഡ് പ്രോട്ടോക്കോളിന് ഈ നാട് തുടക്കമിട്ടു. പിന്നീട് കരുതലിൻ്റെ നാളുകളായിരുന്നു. പ്രതിരോധത്തിൻ്റെ, ജാഗ്രതയുടെ നിമിഷങ്ങളായിരുന്നു.
നിപ്പയും പ്രളയവും സൃഷ്ടിച്ച തിരിച്ചടികളിൽ നിന്ന് ഉയിർത്തെഴുന്നേൽക്കുമ്പോഴായിരുന്നു മഹാമാരിയുടെ താണ്ഡവം. മരണസാദ്ധ്യത ഉയരുന്ന നിപ്പയ്‌ക്കെതിരെയുളള പ്രതിരോധത്തിൻ്റെ കരുത്ത്, ജില്ലയിലെ ആരോഗ്യവകുപ്പിനും ആത്മധൈര്യം നൽകി. 2020 ജനുവരി 26നാണ് ചൈനയിൽ നിന്നെത്തിയ മൂന്ന് മെഡിക്കൽ വിദ്യാർത്ഥികളെ അന്നുതന്നെ ജനറൽ ആശുപത്രിയിലാണ് നിരീക്ഷണത്തിലാക്കിയത്. പുണെ വൈറോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് ഇവരുടെ സ്രവം പരിശോധയ്ക്കായി കൊച്ചിയിൽ നിന്ന് വിമാനമാർഗം കൊടുത്തയച്ചു. അതിൽ ഒരാൾക്കാണ് രോഗം സ്ഥിരീകരിച്ചത്. പിന്നീട് വിശ്രമമില്ലാത്ത നാളുകളായിരുന്നു ആരോഗ്യപ്രവർത്തകർക്കും ഭരണാധികാരികൾക്കും പൊലീസിനുമെല്ലാം.
ആശ്വാസതീരത്ത് വാക്സിൻ, പക്ഷേ...
ആരോഗ്യപ്രവർത്തകർക്ക് വാക്സിൻ ലഭ്യമാക്കിയെങ്കിലും കൊവിഡ് വ്യാപനം നിയന്ത്രിക്കാനാവുന്നില്ലെന്ന ഭീതി ഇന്നും തുടരുകയാണ്. വയോധികരുടെ ആരോഗ്യപ്രശ്നങ്ങൾ കൊവിഡ് ബാധയ്ക്ക് ശേഷം ഗുരുതരമാകുകയാണ്. പലർക്കും പലതരം ആരോഗ്യപ്രശ്നങ്ങൾ സംഭവിക്കുന്നു. ശുചീകരണ തൊഴിലാളികളും ആംബുലൻസ് ഡ്രൈവർമാരും മുതൽ നഴ്സുമാരും ഡോക്ടർമാരും അടക്കമുള്ള ആരോഗ്യമേഖല സുരക്ഷിതമായാൽ ചികിത്സാസൗകര്യങ്ങൾ മുടങ്ങില്ലെന്ന പ്രതീക്ഷയുണ്ടെങ്കിലും സ്ഥിതി ഇപ്പോഴും ആശങ്കാജനകം തന്നെ. ആദ്യകൊവിഡ് സ്ഥിരീകരിച്ച് ആറ് മാസം പിന്നിടുമ്പോൾ ജില്ലയിൽ ഏഴും സംസ്ഥാനത്ത് 61 ഉം കൊവിഡ് ബാധിതർ മാത്രമാണ് മരിച്ചത്. എന്നാൽ ഒരാണ്ട് കഴിയുമ്പോൾ, ജില്ലയിൽ 358 പേരുടെ ജീവനെടുത്തിരിക്കുന്നു. സംസ്ഥാനത്ത് മൂവായിരത്തിലേറെയും. കൂടുതൽ കരുതൽ വേണ്ടത് പ്രായം ചെന്നവർക്കാണെന്ന് കണക്കുകൾ തന്നെ തെളിയിക്കുന്നു. രോഗബാധിതരായ വയോധികരിൽ ഭൂരിഭാഗത്തിനും തീവ്രപരിചരണം വേണ്ടി വന്നു. വീടിന് പുറത്ത് നിന്നല്ല, കുടുംബാംഗങ്ങളിൽ നിന്ന് രോഗം ബാധിക്കുന്നുവെന്നതാണ് പുതിയ രോഗബാധകൾ ചൂണ്ടിക്കാട്ടുന്നത്.
ആദ്യമരണം മുംബയ് വഴി
മേയ് 20 ന് ചാവക്കാട് സ്വദേശിനി കദീജക്കുട്ടിയായിരുന്നു (73 ) ജില്ലയിൽ ആദ്യം കൊവിഡ് ബാധിച്ച് മരിച്ചത്. മുംബയ്‌യിൽ നിന്നായിരുന്നു രോഗബാധ. വയോജനങ്ങൾ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും കൃത്യമായി നിരീക്ഷിക്കാനുമായി കൊവിഡ് ജാഗ്രതാ സമിതികൾക്കും രൂപം നൽകിയിരുന്നു. വാർഡ് അംഗം, ആശാ വർക്കർമാർ, യുവജന വളണ്ടിയർ സംഘം, കുടുംബശ്രീ പ്രവർത്തകർ, പൊലീസ് തുടങ്ങിയവർ ഉൾപ്പെട്ടതായിരുന്നു സമിതി. വീട്ടിൽ ഒറ്റപ്പെടൽ അനുഭവിക്കുന്നവർക്ക് ഭാരതീയ ചികിത്സാവകുപ്പിന്റെ അടക്കം കൗൺസലിംഗ് സൗകര്യങ്ങളും പാലിയേറ്റിവ് കെയർ, ആശ പ്രവർത്തകരുടെ ഗൃഹസന്ദർശനവും നടപ്പാക്കിയിരുന്നു. പക്ഷേ രോഗബാധ ഉയർന്നതോടെ ഇതെല്ലാം പാതിവഴിയിൽ ഉപേക്ഷിച്ചു.