തൃശൂർ : കൊവിഡ് ജീവിതത്തിൽ സമാനതകളില്ലാത്ത അനുഭവങ്ങളാണ് സമ്മാനിച്ചതെന്ന് ടി.എൻ പ്രതാപൻ എം.പി. തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഓട്ടങ്ങൾക്കിടെയാണ് കൊവിഡ് രോഗം പിടിപ്പെട്ടത്. ഭാര്യയ്ക്കും മകനും കൊവിഡ് ബാധിച്ചു. പൊതുപ്രവർത്തന രംഗത്ത് സജീവമായി ഇടപെടുന്ന വ്യക്തിയെന്ന നിലയിൽ കൊവിഡ് പിടിപ്പെട്ടപ്പോൾ അനുഭവിച്ച ഒറ്റപ്പെട്ട ജീവിതം വലിയ മാനസിക പ്രയാസമാണ് ഉണ്ടാക്കിയത്.
നിരവധി ശാരീരിക പ്രയാസങ്ങളും അനുഭവപ്പെട്ടു. രുചിയില്ലാതാകുകയും കിതപ്പ് അനുഭവപ്പെടുകയും ചെയ്തു. വലിയ ശാരീരിക ക്ഷീണവുമുണ്ടായി. ഏഴ് നിയോജക മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നെങ്കിലും കൊവിഡ് അതിനെയെല്ലാം തടസപ്പെടുത്തി. ഭാര്യയുടെ സഹായത്തോടെ വീഡിയോ വഴി 500 സ്ഥാനാർത്ഥികളുമായി സംവദിക്കുകയും തിരഞ്ഞെടുപ്പ് പ്രവർത്തനം നടത്തുകയും ചെയ്തെങ്കിലും പൂർണ തൃപ്തി ലഭിച്ചില്ല. 17 ദിവസങ്ങൾക്ക് ശേഷമാണ് വീണ്ടും പൊതുപ്രവർത്തന രംഗത്ത് സജീവമാകാനായത്. ശരീരത്തിന് കിതപ്പ്, ക്ഷീണം, ആലസ്യം തുടങ്ങിയ കൊവിഡ് പരിണത ഫലങ്ങൾ ഇപ്പോഴും വേട്ടയാടുന്നു. കൊവിഡിനെ അതിജീവിക്കുക എന്നത് മനസിന്റെ പ്രധാന അജണ്ടയാക്കണമെന്നും അദ്ദേഹം പറഞ്ഞു..
മാനസികമായി തയ്യാറെടുക്കാൻ
പോലും സമയമുണ്ടായില്ല
മാനസികമായി തയ്യാറെടുക്കാൻ പോലും സമയം ഉണ്ടായിരുന്നില്ല. തൃശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ആദ്യ രോഗിയെ രാത്രിയോടെയാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. എത് തരത്തിലുള്ള മുൻകരുതലുകളാണ് എന്നത് സംബന്ധിച്ച നിർദ്ദേശം വരുന്നതിന് മുമ്പ് തന്നെ കൊവിഡ് സാന്നിദ്ധ്യം മെഡിക്കൽ കോളേജിലെത്തി. പി.പി.ഇ കിറ്റ് ധരിച്ച് പരസ്പരം തിരിച്ചറിയാൻ പോലും സാധിക്കാത്ത സ്ഥിതി വിശേഷമാണ് ഉണ്ടായിരുന്നത്. ആദ്യ രോഗിയെ കൊണ്ടുവന്നപ്പോൾ നാല് ഡോക്ടർമാരാണ് ഉണ്ടായിരുന്നത്. രോഗിക്ക് പ്രകടമായ ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെങ്കിലും പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനാവശ്യമായ ചികിത്സകൾ നടത്താൻ സാധിച്ചു. നഴ്സുമാരും മറ്റ് സ്റ്റാഫുകളും സധൈര്യം കൊവിഡ് വാർഡുകളിൽ പ്രവർത്തിക്കാൻ തയ്യാറായി എന്നത് എടുത്തുപറയേണ്ടതാണ്. നിരന്തരം മെഡിക്കൽ ബോർഡ് യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി മുന്നോട്ട് പോകാനായി.
ഡോ. ജിജിത്ത് കൃഷ്ണൻ
യൂണിറ്റ് ചീഫ് ജനറൽ മെഡിസിൻ
(ആദ്യ കൊവിഡ് രോഗിയെ ചികിത്സിച്ച സംഘത്തിന്റെ ചുമതലക്കാരൻ)
കൊവിഡിനിടയിലും വിശ്രമമില്ലാതെ
കൊവിഡിനിടയിലും കർമനിരതരായിരുന്നു കളക്ടർ എസ്. ഷാനവാസ്. കൊവിഡ് പൊസിറ്റീവ് ആയതിന് ശേഷവും ക്യാമ്പ് ഓഫീസിൽ ഇരുന്ന് സൂം മീറ്റിംഗുകൾക്ക് നേതൃത്വം നൽകി. എന്നാൽ ഏതാനും ദിവസം ഡോക്ടർമാരുടെയും വീട്ടുകാരുടെയും നിർബന്ധത്തിന് വഴങ്ങി രണ്ട് ദിവസം വിശ്രമമെടുത്തു. ചെറിയ തോതിൽ ശ്വാസസംബന്ധമായ തടസം ഉണ്ടായിയെന്ന് കളക്ടർ പറഞ്ഞു. തനിക്ക് പുറമെ ഭാര്യക്കും രണ്ട് മക്കൾക്കും കൊവിഡ് ബാധിച്ചതായി അദ്ദേഹം പറഞ്ഞു.
റെയിൽവേ ജീവനക്കാർക്കും
കൊവിഡ് വാക്സിൻ
തൃശൂർ: റെയിൽവേ ജീവനക്കാർക്കും കൊവിഡ് വാക്സിൻ നൽകിത്തുടങ്ങി. റെയിൽവേയുടെ ആരോഗ്യ വിഭാഗം ജീവനക്കാർക്കാണ് ഇതിനകം വാക്സിൻ കിട്ടിയത്. റെയിൽവേ സുരക്ഷാ സേനാംഗങ്ങൾക്കാണ് അടുത്ത മുൻഗണന. തുടർന്ന് മറ്റ് ജീവനക്കാർക്കും കുത്തിവെയ്പ്പ് നൽകും.
11,276 പേർക്ക് വാക്സിൻ
തൃശൂർ: ജില്ലയിൽ കൊവിഡ് വാക്സിൻ വിതരണം നൽകിയത് 11,276 ആരോഗ്യ പ്രവർത്തകർ. ആഴ്ച്ചയിൽ നാലു ദിവസമാണ് വാക്സിൻ നൽകുന്നത്. ഒമ്പത് കേന്ദ്രങ്ങളിൽ പ്രതിദിനം 100 പേർക്കു വീതമാണ് വാക്സിൻ നൽകുക. ആഴ്ചയിൽ നാലു ദിവസമാണ് വാക്സിൻ നൽകുന്നത്. 23 ദിവസം കൊണ്ട് ആദ്യ ഡോസ് നൽകുന്നത് പൂർത്തിയാക്കാനാവും. രണ്ടാമത്തെ ഡോസ് 28 ദിവസത്തിന് ശേഷം ആദ്യം നൽകിയ മുൻഗണനാ ക്രമത്തിൽ നൽകും. സർക്കാർ സ്വകാര്യ മേഖലകളിലായി 35,000 ഓളം ആരോഗ്യ പ്രവർത്തകരാണ് ആദ്യം വാക്സിനായി രജിസ്റ്റർ ചെയ്തതെങ്കിലും ഇപ്പോഴത് അരലക്ഷത്തോളമായി കൂടി.