bjp

തൃശൂർ: ഭാരവാഹികൾ ഗ്രൂപ്പുകളുടെ ഭാഗമാകുകയോ പാർട്ടിയുടെ അനൈക്യത്തിന് ആക്കം കൂട്ടുകയോ ചെയ്യുന്നത് പൊറുക്കാനാവില്ലെന്ന കർശന താക്കീത് നൽകി ബി.ജെപി സംസ്ഥാന കമ്മിറ്റി യോഗം. സ്ഥാനാർത്ഥി നിർണയത്തിലും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാനും വിവാദങ്ങൾ ഒഴിവാക്കാനുമാണ് കേന്ദ്ര നിർദ്ദേശമെന്ന് നേതാക്കളെ അറിയിച്ചു.

സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന കേരളയാത്രയുടെ നടത്തിപ്പും വിശദമായി ചർച്ച ചെയ്ത് സബ് കമ്മിറ്റികൾ രൂപീകരിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയസാദ്ധ്യത മാത്രമാകണം സ്ഥാനാർത്ഥി നിർണയത്തിനുള്ള മാനദണ്ഡമെന്ന് ആർ.എസ്.എസ് സംസ്ഥാന നേതൃത്വം നിർദേശിച്ചിരുന്നു. ജയം പ്രതീക്ഷിക്കാവുന്ന നാൽപത് എ ക്‌ളാസ് മണ്ഡലങ്ങളുണ്ടെന്ന് ബംഗളൂരുവിലെ സ്വകാര്യ ഏജൻസി നടത്തിയ സർവേയിൽ കണ്ടെത്തിയിരുന്നു. സംസ്ഥാനത്തിന്റെ ചുമതലയുള്ള തമിഴ്‌നാട് ഘടകം മുൻ സംസ്ഥാന പ്രസിഡന്റ് സി.പി രാധാകൃഷ്ണൻ ഫെബ്രുവരി 6 മുതൽ 140 മണ്ഡലങ്ങളും സന്ദർശിക്കും.


തദ്ദേശത്തിൽ മുന്നേറ്റം

തദ്ദേശ തിരഞ്ഞെടുപ്പിൽ രണ്ടു മുന്നണികളുടേയും അവിശുദ്ധസഖ്യത്തെ അതിജീവിച്ച് ശക്തമായ മുന്നേറ്റമാണ് നടത്തിയതെന്ന് സംസ്ഥാനസമിതി പ്രമേയത്തിൽ വിലയിരുത്തി. എല്ലാ കോർപറേഷനുകളിലും ഭൂരിപക്ഷം മുനസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും പ്രാതിനിധ്യം നേടി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നേടിയതിന്റെ ഇരട്ടിയോളം തദ്ദേശസ്ഥാപനങ്ങളിൽ അധികാരത്തിലെത്തി.